കോട്ടയം: പാലായിൽ വിദ്യാർഥി കൺസഷൻ സംബന്ധിച്ച തർക്കത്തെത്തുടർന്ന് ബസ് ജീവനക്കാരും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലാണ് സംഭവം.
ദിവസങ്ങൾക്ക് മുൻപ് ഒരു കോളേജ് വിദ്യാർഥിക്ക് കൺസഷൻ നിരക്ക് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. ഈ വിഷയത്തിൽ വിദ്യാർഥികളെ ബസ് ജീവനക്കാർ മർദ്ദിച്ചുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ. കൊട്ടാരമറ്റം സ്റ്റാൻഡിൽ പ്രതിഷേധ മാർച്ചും തുടർന്ന് യോഗവും സംഘടിപ്പിച്ചു.
സി.പി.എം. നേതാവ് ലാലിച്ചൻ ജോർജ്ജ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഘർഷം ഉടലെടുത്തത്. ഈ സമയത്ത് പ്രതിഷേധക്കാർ ബസ് ജീവനക്കാരിൽ ഒരാളെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും വിദ്യാർഥികളും ജീവനക്കാരും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ സ്റ്റാൻഡിലേക്ക് എത്തിക്കേണ്ടിവന്നു. പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് സംഘർഷം ശാന്തമായത്.

