‘ഹാൽ’ സിനിമാ വിവാദം; സെൻസർ തടസ്സങ്ങളിൽ ഹൈക്കോടതി ഇടപെടൽ, സിനിമ കാണാൻ ജസ്റ്റിസ് വി.ജി. അരുൺ

0

കൊച്ചി: സെൻസർ ബോർഡ് തടഞ്ഞുവെച്ച ‘ഹാൽ’ എന്ന മലയാള സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണ്ണായകമായ തീരുമാനവുമായി കേരള ഹൈക്കോടതി. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹർജി പരിഗണിച്ച കോടതി, സിനിമ നേരിൽ കണ്ട ശേഷം അന്തിമ തീരുമാനം എടുക്കാൻ തീരുമാനിച്ചു.

ബഹുമാനപ്പെട്ട ജസ്റ്റിസ് വി.ജി. അരുൺ ഈ വരുന്ന ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സിനിമ കാണാനായി നേരിട്ട് കാക്കനാടുള്ള ഒരു സ്റ്റുഡിയോയിൽ എത്തും. കേസിലെ കക്ഷികളായവരുടെയും ബന്ധപ്പെട്ടവരുടെയും പ്രതിനിധികൾ കോടതിക്കൊപ്പം സിനിമ കാണാനെത്തുന്നുണ്ട്. സിനിമയിൽ ചില രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷി ചേർന്ന കാത്തലിക് കോൺഗ്രസ്സിന്റെ പ്രതിനിധിയും, ചിത്രത്തിന് സർട്ടിഫിക്കറ്റ് നിഷേധിച്ച സെൻസർ ബോർഡിന്റെ പ്രതിനിധികളും ഈ പ്രദർശനത്തിൽ പങ്കെടുക്കും. സിനിമ കണ്ട ശേഷം മാത്രമേ തുടർനടപടികൾ തീരുമാനിക്കൂ എന്നും കോടതി വ്യക്തമാക്കി. ‘ഹാൽ’ എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പ്രധാന കാരണം സെൻസർ ബോർഡ് നിർദ്ദേശിച്ച 19 കട്ടുകളാണ്. ഇതിൽ പ്രധാനമായും: ‘ധ്വജപ്രണാമം’, ‘സംഘം കാവലുണ്ട്’ എന്നീ സംഭാഷണങ്ങൾ ഒഴിവാക്കണം, ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണം.

സെൻസർ ബോർഡിന്റെ ഈ നടപടി ചോദ്യം ചെയ്താണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ജെ.വി.ജെ. പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചത്.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഈ ചിത്രം നടൻ ഷെയ്ൻ നിഗത്തിന്റെ കരിയറിലെ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ്. തെലുങ്ക് നടി സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാൽ, ജോയ് മാത്യു, സുരേഷ് കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ 5 ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. സെപ്റ്റംബർ 12 ന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസർ പ്രശ്‌നങ്ങളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഒരു കളർഫുൾ എൻ്റർടെയ്നർ എന്ന നിലയിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here