രക്തസമ്മർദക്കുറവും ഹൃദയമിടിപ്പ് കൂടുതലും; പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി വീണ്ടും ആശുപത്രിയിൽ

0

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മഅ്ദനിയെ അഡ്മിറ്റ് ചെയ്തത്. രക്തസമ്മർദക്കുറവ്, ഹൃദയമിടിപ്പ് കൂടുതൽ, ശ്വാസതടസം, ഡയബറ്റിക് ന്യൂറോപ്പതി മൂലം രക്തചംക്രമണ വ്യവസ്ഥയ്‌ക്കുണ്ടായ തകരാറുകൾ എന്നിവയാണ് അബ്ദുൾ നാസർ മഅ്ദനിയെ അലട്ടുന്ന പ്രശ്നങ്ങൾ. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് ശേഷം ദീർഘകാലം വിവിധ രോഗങ്ങൾക്ക് മഅ്ദനി ചികിത്സ തേടിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ വീട്ടിൽ തുടരുകയായിരുന്നു അദ്ദേഹം. ആശുപത്രിയിൽ പ്രവേശിച്ച മഅ്ദനിക്ക് എക്കോ, ഇ സി ജി, എക്‌സ്‌റേ, ഡോപ്ലർ സ്‌കാനുകൾ തുടങ്ങിയ പരിശോധനകൾ നടത്തി. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ഡോ. പി എച്ച് മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിൽ വിദഗ്ധ മെഡിക്കൽ സംഘം വിശദമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കി.

അബ്ദുൾ നാസർ മഅ്ദനി പ്രതിയായ ബെംഗളൂരു സ്ഫോടന കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി കഴിഞ്ഞ മാസം വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. കേസിലെ പ്രതി താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയത്.

വിചാരണ അനന്തമായി നീണ്ടുപോകുന്നതിനെതിരെയാണ് താജുദ്ദീൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. 16 വർഷമായി ജയിലിൽ തുടരുകയാണെന്ന് താജുദ്ദീൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി നടപടികൾ വേഗത്തിലാക്കണമെന്നും താജുദ്ദീൻ അഭിഭാഷകൻ മുഖേന സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here