ഗോവയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; രണ്ട് മലയാളി അഗ്നിവീര്‍ സേനാംഗങ്ങള്‍ക്ക് ദാരുണാന്ത്യം

0

കൊല്ലം (ശാസ്താംകോട്ട): ഗോവയിലെ അഗസ്സൈമില്‍ ബുധനാഴ്ചയുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളികളായ രണ്ട് അഗ്‌നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു. കൊല്ലം ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റെ മകന്‍ 22-കാരനായ ഹരിഗോവിന്ദ്, കണ്ണൂര്‍ സ്വദേശി 21-കാരനായ വിഷ്ണു എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

കൊച്ചിയിലെ നാവികസേന ആസ്ഥാനത്തുനിന്ന് പ്രത്യേക ചുമതലയ്ക്കായി ഗോവയിലേക്ക് നിയോഗിക്കപ്പെട്ട ഇരുവരും ജോലിക്കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അഗസ്സൈമിനും ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയിലായി ബൈക്ക് നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞതാണെന്നാണ് ലഭ്യമായ വിവരം.

മരണപ്പെട്ട ഹരിഗോവിന്ദും സംഘവും ചൊവ്വാഴ്ചയാണ് നാവികസേനയുടെ കപ്പല്‍മാര്‍ഗം ഗോവയിലെത്തിയത്. നാലുവര്‍ഷത്തെ അഗ്‌നിവീര്‍ സേവനത്തിന്റെ മൂന്നാം വര്‍ഷത്തിലായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ നേവി ഉദ്യോഗസ്ഥര്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

ഹരിഗോവിന്ദിന്റെ അമ്മ പി.കെ. ഷീജ കൊല്ലം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സാണ്. സഹോദരി ഡോ. അനന്യ പ്രസന്നന്‍. ബന്ധുക്കള്‍ ഗോവയിലേക്ക് യാത്രയായി.

LEAVE A REPLY

Please enter your comment!
Please enter your name here