വാളയാർ: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്ന് മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. 20 ലക്ഷം രൂപ വില മതിക്കുന്ന ലഹരിയുമായി ചാവക്കാട് സ്വദേശി ഷെമീറാണ് എക്‌സൈസിന്റെ പിടിയിലായത്. പരിശോധനയിൽ 211 ഗ്രാം മെത്താഫിറ്റമിനാണ് കണ്ടെടുത്തത്. ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് മെത്താഫിറ്റമിൻ കടത്തിയിരുന്നത്.
ചാവക്കാട് ചില്ലറ വിൽപനയ്ക്ക് കൊണ്ടു പോവുകയായിരുന്നു മാരക ലഹരി വസ്തു. ഷെമീറിനെ ഇതിനുമുൻപും ലഹരിയുമായി പിടികൂടിയിരുന്നു. മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ വന്‍ രാസലഹരി വേട്ട നടന്നിരുന്നു. വില്‍പനക്കായി സൂക്ഷിച്ച 30 ഗ്രാം എം.ഡി.എം. എയുമായി രണ്ടുപേരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പന ച്ചി പാലക്കാട് സ്വദേശി പൊറ്റയില്‍ വീട്ടില്‍ മലയന്‍ ഷാഹുല്‍ ഹമീദ് (37), കാരാപറമ്പ് കൂട്ടാവ് സ്വദേശി കാണപറമ്പത്ത് വീട്ടില്‍ സജ്മീര്‍ (33) എന്നിവരാണ് പിടിയിലായത്.
മറ്റൊരു സംഭവത്തിൽ മംഗളൂരുവിൽ കഞ്ചാവ് വില്പനക്കിടെ മലയാളി വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 11 മലയാളി വിദ്യാർഥികളാണ് പോലീസിന്റെ പിടിയിലായത്. നഗരത്തിലെ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥികളായിരുന്നു അറസ്റ്റിലായ യുവാക്കൾ. സൗത്ത് പൊലീസ് സ്റ്റേഷൻ ക്രൈം ഡിറ്റക്ഷൻ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിൻ, മുഹമ്മദ് സ്മാനിദ്, നിബിൻ കുര്യൻ, കെ.കെ മുഹമ്മദ്, മുഹമ്മദ് ഹനാൻ, മുഹമ്മദ് ഷാമിൽ, അരുൺ തോമസ്, സി.മുഹമ്മദ് നിഹാൽ, വി.മുഹമ്മദ് ജസീൽ, പി.സിദാൻ എന്നിവരാണ് അറസ്റ്റിലായത്.

