ന്യൂയോർക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും ദിവസവും ദശലക്ഷക്കണക്കിന് പലസ്തീൻ സിവിലിയൻ ഫോൺ കോളുകൾ ശേഖരിച്ച ഇസ്രയേലിന്റെ ശക്തമായ ഒരു നിരീക്ഷണ സംവിധാനം നിർത്തലാക്കിയതായി അമേരിക്കൻ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്. ഇസ്രായേൽ സൈന്യത്തിന്റെ ഉന്നത ചാര ഏജൻസിയായ യൂണിറ്റ് 8200, അതിന്റെ അസൂർ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ വിപുലമായ നിരീക്ഷണ ഡാറ്റ സംഭരിച്ചുകൊണ്ട് കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിച്ചുവെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ യൂണിറ്റിനുള്ള ചില സേവനങ്ങൾ അടച്ചുപൂട്ടുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്‍തതായി മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്‍മിത്ത് കമ്പനിയുടെ ബ്ലോഗിൽ പറഞ്ഞു. ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും പലസ്‍തീനികളുടെ ദശലക്ഷക്കണക്കിന് ഫോൺ കോളുകൾ സംഭരിക്കാൻ ഇസ്രായേലിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം മൈക്രോസോഫ്റ്റ് അസൂർ ഉപയോഗിക്കുന്നുണ്ടെന്ന് ഓഗസ്റ്റ് ആദ്യം റിപ്പോർട്ട് വന്നിരുന്നു.
മൈക്രോസോഫ്റ്റ് അന്ന് ഈ ആരോപണം നിഷേധിച്ചിരുന്നെങ്കിലും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഒരു രാജ്യത്തിനും ചാരവൃത്തി ആവശ്യങ്ങൾക്കായി സേവനങ്ങൾ നൽകുന്നില്ലെന്നും കമ്പനി വാദിച്ചു. എന്നാൽ ചില കാര്യങ്ങൾ ശരിയാണെന്ന് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം അവരുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
സാധാരണക്കാരായ പൗരന്മാരുടെ കൂട്ട നിരീക്ഷണത്തിനായി മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്‍മിത്ത് വ്യക്തമാക്കി. ഈ നയം എല്ലാ രാജ്യങ്ങളിലും ബാധകമാണെന്നും കമ്പനി പറയുന്നു. അന്വേഷണത്തിനിടെ കമ്പനി ബിസിനസ് രേഖകൾ, സാമ്പത്തിക രേഖകൾ, ആന്തരിക പേപ്പറുകൾ എന്നിവ പരിശോധിച്ചെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
വ്യാഴാഴ്ച ബ്രാഡ് സ്മിത്ത് ഈ തീരുമാനം ജീവനക്കാരെ അറിയിച്ചു. ക്ലൗഡ് സ്റ്റോറേജ്, എ ഐ സേവനങ്ങൾ എന്നിവയുൾപ്പെടെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ഒരു യൂണിറ്റിലേക്കുള്ള ഒരു കൂട്ടം സേവനങ്ങൾ കമ്പനി നിർത്തലാക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.

