അസാധാരണമായ ശബ്ദം കേട്ട് ജനനിലൂടെ നോക്കിയപ്പോൾ കണ്ടത് കരടിയെ; പ്രധാന കൃഷികളും തേന്‍പ്പെട്ടികളും തകർത്തു, ഭീതിയിൽ നാട്

0

മലപ്പുറം: മലപ്പുറം അമരമ്പലത്ത് ഭീതി പരത്തി കരടി. പ്രദേശത്തെ പ്രധാന കൃഷികളും തേന്‍പ്പെട്ടികളും കരടി തകർത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാട്ടിൽ കരടി ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. കാലായില്‍ എബിയുടെ വീട്ടുപരിസരത്തെ കൃഷിയിടത്തിലെത്തിയാണ് കരടി തേൻ പെട്ടികൾ നശിപ്പിച്ചത്. മിക്ക പെട്ടികളും പൊട്ടിയ നിലയിൽ തറയിൽ കിടക്കുകയായിരുന്നു. പുലർച്ചെ നാലുമണിയോടെ അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോളാണ് കരടിയെ കണ്ടത്.

രാവിലെ ടാപ്പിങ് കഴിഞ്ഞ് സ്ഥലത്ത് പരിശോധിച്ചപ്പോള്‍ തേന്‍ പെട്ടികള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു. സ്ഥലത്ത് കരടിയുടെ കാല്‍പ്പാടുകളും പതിഞ്ഞതായി എബി പറഞ്ഞു. ടി.കെ കോളനി, തേള്‍പ്പാറ എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം വരെ കരടിയുടെ ശല്യം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വനം വകുപ്പ് വിവിധ സ്ഥലങ്ങളില്‍ കെണി സ്ഥാപിച്ചെങ്കിലും തേള്‍പ്പാറയില്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയ കരടി കൂട് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു.

മാത്രമല്ല ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് നിന്നൊരു കരടിയെ പിടികൂടി ഉള്‍ വനത്തിലേക്ക് വിടുകയും ചെയ്തിരുന്നു. ചുള്ളിയോട് വരെ കരടിയുടെ സാന്നിധ്യം നേരത്തേ ഉണ്ടായിരുന്നെങ്കിലും പറമ്പയില്‍ ഇതാദ്യമായാണ്. തേന്‍പ്പെട്ടികളെ ലക്ഷ്യമിട്ടുള്ള കരടിയുടെ വരവ് ആശങ്ക ഉയര്‍ത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് വാല്‍പ്പാറയില്‍ ഏഴ് വയസുകാരൻ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വീടിന് മുന്നില്‍ കളിച്ചിരിക്കവെയായിരുന്നു ദാരുണ സംഭവം. വീട്ടുകാര്‍ ബഹളം വെച്ചതോടെ നാട്ടുകാരടക്കം തിരച്ചില്‍ നടത്തി. പിന്നീടാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തേയിലത്തോട്ടത്തില്‍ മുഖത്തിന്റെ ഒരു ഭാഗം അടക്കം കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കരടി നാട്ടിലിറങ്ങി അക്രമം നടത്തുകയാണെന്നും ജീവന് ഭീഷണിയാണെന്നും നാട്ടുകാർ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here