തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട കേസിൽ രണ്ട് ബിജെപി നേതാക്കളെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. സുരേഷ് ഗോപി പുലിപല്ല് കൊണ്ടുള്ള മാല ധരിച്ച് തൃശൂരിൽ എത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് ബിജെപി നേതാക്കളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് പ്രവർത്തകനായ എ.എ. മുഹമ്മദ് ഹാഷിം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് ചോദ്യം ചെയ്യുക.
പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പാർട്ടി നേതാക്കൾക്ക് ഈ ആഴ്ച മൊഴി രേഖപ്പെടുത്താൻ ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയേക്കും. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പുള്ളിപ്പുലിയുടെ പല്ല്, വന്യജീവികളുടെ മറ്റ് ശരീര ഭാഗങ്ങൾ എന്നിവ ധരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഹാഷിം പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ഇതുസംബന്ധിച്ച് വനംവകുപ്പ് ഹാഷിമിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പുലിപ്പല്ല് എന്ന് സംശയിക്കുന്ന മാല ധരിച്ച് ഗോപി സ്വരാജ് റൗണ്ടിലൂടെ നടക്കുന്നതിന്റെ വാർത്താ വീഡിയോ ക്ലിപ്പുകൾ ഹാഷിം വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ ബിജെപിയുടെ തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ ആണെന്ന് ഹാഷിം തിരിച്ചറിഞ്ഞിരുന്നു. മറ്റേയാളുടെ പേര് വെളിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും, തനിക്ക് തിരിച്ചറിയാവുന്ന ആളാണെന്ന് പരാതിക്കാരൻ പറഞ്ഞിരുന്നു. സുരേഷ് ഗോപി ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റ് സംബന്ധിച്ച് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കൾക്ക് എന്തെങ്കിലും വിവരങ്ങൾ അറിയാമോ എന്നറിയാനാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
കണ്ണൂരിൽ നടന്ന ഒരു പൊതുപരിപാടിയിലും മന്ത്രി പുലിയുടെ പല്ല് കൊണ്ടുണ്ടാക്കിയ ആഭരണം ധരിച്ചതായി കണ്ടതായി പരാതിക്കാരൻ സൂചിപ്പിച്ചിരുന്നു. സംശയിക്കപ്പെടുന്ന ആഭരണം പിടിച്ചെടുക്കണമെന്നും അതിന്റെ നിർമ്മാണ കാലാവധി ഉറപ്പാക്കണമെന്നും ഹാഷിം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

