ഓഡർ ചെയ്ത വെജ് ബിരിയാണിയിൽ നിന്നും എല്ലിൻ കഷ്ണം കിട്ടിയെന്നാരോപിച്ച് തർക്കവും സംഘർഷവും. ഉത്തർ പ്രദേശിലെ ഗോരഖ്പൂരിലെ ശാസ്ത്രി ചൗക്കിലുള്ള ‘ബിരിയാണി ബേ’ റെസ്റ്റോറന്‍റിലായിരുന്നു സംഭവം. എന്നാൽ അത്തരം ഒരു തെറ്റ് തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ഹോട്ടൽ ഉടമ പറഞ്ഞു. ആരോപണം ഉന്നയിച്ച സംഘം നാടകം കളിക്കുകയാണെന്നും അവർ മനപൂർവ്വം ബിരിയാണിയിലേക്ക് എല്ലിൻ കഷ്ണം ഇടുകയായിരുന്നുവെന്നും കടയുടമ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ തെളിവായി നല്കിക്കൊണ്ടായിരുന്നു ഹോട്ടൽ ഉടമയുടെ പരാമർശം. സംഭവത്തിൽ പോലീസിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 31 ന് രാത്രിയാണ് സംഭവം നടന്നത്. 12 പേരടങ്ങുന്ന സംഘം അത്താഴം കഴിക്കാൻ റെസ്റ്റോറന്‍റിൽ എത്തി. സംഘത്തിലെ ചിലർ വെജിറ്റേറിയൻ ഭക്ഷണവും മറ്റുള്ളവർ നോൺ-വെജിറ്റേറിയൻ വിഭവങ്ങളും ഓർഡർ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ, ഒരാൾ പെട്ടെന്ന് ബഹളം വെയ്ക്കാൻ തുടങ്ങി. വെജ് ഭക്ഷണത്തിൽ നിന്ന് എല്ല് കിട്ടിയെന്ന് ആരോപിച്ച് റെസ്റ്റോറന്റിനെ കുറ്റപ്പെടുത്താൻ തുടങ്ങി. സാവൻ മാസത്തിൽ സസ്യാഹാരത്തിൽ മാംസം കലർത്തി മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചു.
ഇതിനെത്തുടർന്ന് റെസ്റ്റോറന്‍റിൽ വളരെ വേഗം സംഘർഷാന്തരീക്ഷം ഉടലെടുത്തു. റെസ്റ്റോറന്‍റ് ഉടമ രവികർ സിങ് ഇടപെട്ട് ഭക്ഷണം കഴിക്കാനെത്തിയവരെ ശാന്തരാക്കാൻ ശ്രമിച്ചു. എന്നാൽ തർക്കം തുടർന്നതോടെ ഹോട്ടലുടമ പോലീസിനെ വിളിച്ചു. വെജ്, നോൺ-വെജ് വിഭവങ്ങൾ പ്രത്യേകം തയ്യാറാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിച്ചതിന്‍റെ പണം നൽകാതിരിക്കാനുള്ള നാടകമാണ് സംഘം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“വർഷങ്ങളായി ഞങ്ങൾ ഈ റെസ്റ്റോറന്‍റ് നടത്തുന്നു, എല്ലായ്പ്പോഴും ഞങ്ങൾ ഉപഭോക്താക്കളുടെ മത വികാരങ്ങളെ മാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണം ഞങ്ങളുടെ ബിസിനസ്സിനെ മാത്രമല്ല, സാമൂഹിക സൗഹാർദത്തെയും ബാധിക്കുന്നു”- റെസ്റ്റോറന്‍റ് ഉടമ രവികർ സിങ് പറഞ്ഞു.
വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ റെസ്റ്റോറന്‍റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.സംഘത്തിലെ ഒരാൾ നോൺ-വെജ് പ്ലേറ്റിൽ നിന്ന് എന്തോ എടുത്ത് കൈമാറുന്നതും മറ്റൊരു പ്ലേറ്റിൽ വയ്ക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്. ഹോട്ടൽ ഉടമ തന്നെ ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. നിയമപരമായി നീങ്ങുമെന്ന് റെസ്റ്റോറന്‍റ് ഉടമ പറഞ്ഞു. അതേസമയം വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.

