കോഴിക്കോട്: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർക്കെതിരെ പാർട്ടിയിൽ വലിയ തോതിലുള്ള എതിർപ്പുകൾ രൂപപ്പെടുന്നു. കന്യാസ്ത്രീകൾക്ക് തിടുക്കപ്പെട്ട് ‘ക്ലീൻചിറ്റ്’ നൽകിയെന്നതാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പാർട്ടിക്കുള്ളിൽനിന്നും പ്രധാനമായും ഉയരുന്ന വിമർശനം.
ഈ വിഷയം ബിജെപി കോർ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെയാണ് രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ ഇടപെട്ടതെന്നും, ഇത് ദേശീയ നേതൃത്വത്തെ അറിയിക്കാൻ ഒരുങ്ങുകയാണെന്നും ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നു. വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് വിഭാഗങ്ങൾക്കും ആർ.എസ്.എസ്, പോഷക സംഘടനകൾക്കും രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ എതിർപ്പുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയിൽ രാജീവ് ചന്ദ്രശേഖർ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നാണ് സൂചന.
കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി. “നമുക്കിനി പോലീസും കോടതിയും വേണ്ട, വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ ആര് കുറ്റവാളിയാണ്, ആരല്ല എന്ന് തീരുമാനിക്കും,” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കന്യാസ്ത്രീകൾ കുറ്റക്കാരല്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയെ ലക്ഷ്യം വെച്ചായിരുന്നു ഈ പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീകൾക്ക് ബിലാസ്പുർ എൻ.ഐ.എ. കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എൻ.ഐ.എ. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, ജാമ്യകാലയളവിലെ വാസസ്ഥലം എൻ.ഐ.എയെ അറിയിക്കണം എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.
കൂടാതെ, രണ്ടാഴ്ചയിലൊരിക്കൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ ഹാജരാകണം, അന്വേഷണ ഏജൻസി ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെക്കുറിച്ച് പൊതുമധ്യത്തിൽ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും കോടതി നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിനു പിന്നാലെ വൈകുന്നേരത്തോടെ കന്യാസ്ത്രീകൾ ജയിൽ മോചിതരായിരുന്നു.

