തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ നടി റോമയെ ഇന്നലെ തിരുവനന്തപുരം എസിജെഎം കോടതിയിൽ വിസ്തരിച്ചു. സാക്ഷിയായെത്തി മൊഴി നൽകുകയായിരുന്നു. തന്റെ മാനേജറെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നൽകിയത് കൊണ്ടാണ് താൻ ശബരിനാഥിൻ്റെ മ്യൂസിക് ആൽബത്തിൽ അഭിനയിച്ചതെന്നും അതിനപ്പുറത്തേക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്നും റോമ കോടതിയിൽ മൊഴി നൽകി. ശബരീനാഥ് നിർമിച്ച മ്യൂസിക് ആൽബത്തിൽ റോമ അഭിനയിച്ചിരുന്നു. ജനങ്ങളിൽ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആൽബം നിർമിച്ചത്. ആൽബത്തിൽ ശബരീനാഥും അഭിനയിച്ചിട്ടുണ്ട്.
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും ഒരു അഭിഭാഷകനെ പറ്റിച്ചതുമായി ബന്ധപ്പെട്ട് വഞ്ചിയൂർ പൊലീസ് ഇന്ന് ഒരു കേസ് രജിസ്റ്റർ ചെയ്തു. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ അഭിഭാഷകരിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. തിരുവനന്തപുരം സ്വദേശിയായ സഞ്ജയ് വർമ നൽകിയ പരാതിയിലാണ് കേസ്.
2024 ജനുവരി മുതലാണ് വിവിധ തവണകളായി പണം വാങ്ങിയെന്നാണ് പരാതി. കമ്പനി തുടങ്ങിയത് മുതൽ ലാഭം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇതുവരെയും ലാഭം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ ഒമ്പത് കേസുകളിൽ വിചാരണ നേരിടുന്നയാളാണ് ശബരിനാഥ്. ശബരിനാഥിനായുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്.

