പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന വിവാദങ്ങൾ വ്യക്തിപരമെന്ന് ജെബി മേത്തർ എംപി. വിഷയത്തിൽ ഇപ്പോഴും പല പുകമറകളുമുണ്ടെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പരാതി ഉന്നയിച്ച സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളെയും ജെബി മേത്തർ അപലപിച്ചു.
ഇപ്പോൾ ഉയരുന്ന വിവാദങ്ങളുടെ എല്ലാ തലങ്ങളും പരിശോധിക്കപ്പടണമെന്ന് ജെബി മേത്തർ ആവശ്യപ്പെട്ടു. കോൺഗ്രസ് സ്ത്രീപക്ഷത്താണെന്നും അവർ കൂട്ടിച്ചേർത്തു.സാങ്കേതികമായി പരാതിയില്ലാതിരുന്നിട്ടുപോലും ധാർമികതയുടെ പേരിലാണ് 24 മണിക്കൂറിനകം കോൺഗ്രസും രാഹുലും കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമെടുത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. ഇതെല്ലാം പരിശോധിക്കപ്പെടേണ്ട വിഷയം ആണെന്നുതന്നെയാണ് മഹിളാ കോൺഗ്രസിന്റെ നിലപാട്. പരാതിക്കാർക്കെതിരായ സൈബർ ആക്രമണങ്ങളെ ന്യായീകരിക്കുന്നില്ലെന്നും അവയെ ശക്തമായി എതിർക്കുകയാണെന്നും ജെബി പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎ സ്ഥാനത്ത് തുടരാൻ ധാർമ്മികമായി അർഹതയില്ലെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. രാഹുലിനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ കോൺഗ്രസ് പാർട്ടി ആവശ്യപ്പെടണമെന്നും ആനി രാജ പറഞ്ഞു. ഏതു രാഷ്ട്രീയ പാർട്ടിയാണെങ്കിലും ഇത്തരം ആളുകൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രീയവിശ്വാസ്യതയ്ക്ക് മുന്നണിയെന്നോ രാഷ്ട്രീയപ്പാർട്ടികളെന്നോ വ്യത്യാസമില്ലെന്നും സിപിഐ നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണവും ആനി രാജ ഉയർത്തി. ഡൽഹിയിൽ പഠിച്ചിരുന്ന കാലത്തും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതികൾ ഉയർന്നിരുന്നു എന്നാണ് ആനി രാജയുടെ വെളിപ്പെടുത്തൽ. അക്കാലത്തും രാഹുൽ പെൺകുട്ടികളെ ശല്യം ചെയ്തിരുന്നെന്ന് ആനി രാജ പറയുന്നു.
ഡൽഹി സെയ്ന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു രാഹുൽ ചരിത്രത്തിൽ ബിരുദാനന്തരബിരുദ പഠനം. ഈ കാലഘട്ടത്തിൽ ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾക്ക് സമാനമായ രീതിയിൽ പല പെൺകുട്ടികളെയും രാഹുൽ സമീപിച്ചിരുന്നു എന്നാണ് ആനി രാജ പറയുന്നത്. കോളേജുകളിലെയും സർവകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെൺകുട്ടികളെ സമീപിക്കാൻ ശ്രമിച്ചു. അവരൊക്കെയും യഥാസമയം തക്കമറുപടികൊടുത്ത് രാഹുലിനെ മടക്കിയെന്നും ആനി രാജ പറഞ്ഞു.

