ഗോവയിൽ ഇനി പുതിയ നിയമങ്ങൾ; നിയമ ലംഘനം കണ്ടെത്തിയാൽ പിഴ ഒരു ലക്ഷം വരെ, വിനോദസഞ്ചാരികൾ അറിയേണ്ടതെല്ലാം…

0

നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗോവ. ഗോവയിലെത്തുന്ന വിനോദസഞ്ചാരികളുടെ പെരുമാറ്റം കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 1-ന് സംസ്ഥാന ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെ ഗോവ ടൂറിസ്റ്റ് പ്ലേസസ് (പ്രൊട്ടക്ഷൻ ആൻഡ് മെയ്ന്റനൻസ്) അമെൻഡ്മെന്റ് ബിൽ പാസ്സാക്കി. നിയമ ലംഘനം കണ്ടെത്തിയാൽ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും.

വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുന്നത് കാരണം പല തരത്തിലുള്ള പ്രശ്നങ്ങളും സംസ്ഥാനം നേരിടുന്നുണ്ട്. മോശം പെരുമാറ്റം, പരിസ്ഥിതി നാശം, അനധികൃത വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനം. ഇവ പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമ ഭേദഗതി നടപ്പിലാക്കുന്നത്. ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലോ പൊതുസ്ഥലത്തോ മദ്യപിക്കുകയോ ഗ്ലാസ് കുപ്പികൾ പൊട്ടിക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്.

മറ്റ് നിയന്ത്രണങ്ങൾ താഴെ പറയുന്നവയാണ്;

പൊതുസ്ഥലങ്ങളിൽ മദ്യം കഴിക്കുകയോ കുപ്പികൾ പൊട്ടിക്കുകയോ ചെയ്യുക, തുറസ്സായ സ്ഥലങ്ങളിൽ പാചകം ചെയ്യുക, വിനോദസഞ്ചാരികളെ സാധനങ്ങളോ സേവനങ്ങളോ വാങ്ങാൻ പ്രേരിപ്പിക്കുക, ബീച്ചുകളിൽ മാലിന്യം നിക്ഷേപിക്കുക, അനധികൃതമായ കച്ചവടം, ഭിക്ഷാടനം,
മലിനീകരണമോ അപകടമോ ഉണ്ടാക്കുന്ന ബോട്ടുകളും മറ്റും പ്രവർത്തിപ്പിക്കുക, ബീച്ചുകളിൽ വാഹനമോടിക്കുകയോ വിനോദസഞ്ചാരികളുടെ സഞ്ചാരം തടയുകയോ ചെയ്യുക, ഗോവയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് അംഗീകാരമില്ലാതെ ടൂറിസം പാക്കേജുകൾ വാ​ഗ്ദാനം ചെയ്യുക.

ഭേദഗതി ചെയ്ത നിയമപ്രകാരം, നിയമങ്ങൾ ലംഘിക്കുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും 5,000 മുതൽ 1 ലക്ഷം രൂപ വരെ പിഴ ചുമത്താം. സമാധാനപരമായ വിനോദസഞ്ചാരം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന കച്ചവട രീതികളും പ്രവർത്തനങ്ങളും നിയമം ലക്ഷ്യമിടുന്നുണ്ട്. അനധികൃത കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ തടയാനും വിനോദസഞ്ചാരികളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കാനുമാണ് ഈ നിയമങ്ങൾ നടപ്പിലാക്കുന്നതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here