മുംബൈ: പൊതുസ്ഥലത്ത് പ്രാവുകൾക്ക് ഭക്ഷണം നൽകിയതിന് പോലീസ് കേസെടുത്തു. മുംബൈയിലാണ് സംഭവം. പൊതുസ്ഥലത്ത് വെച്ച് പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് ശിക്ഷാർഹമായ കുറ്റമാക്കിയ നിയമം നിലവിൽ വന്നതിന് ശേഷം രജിസ്റ്റർ ചെയ്ത കേസാണിത്. മാഹിം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദുജ ആശുപത്രിക്ക് സമീപം എൽ ജെ റോഡിൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് കണ്ട ആളുകൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. രാവിലെ 6:50 ഓടെ ആളുകൾ ഒരു ഇരുചക്ര വാഹനത്തിൽ എത്തി കബൂതർഖാനയിൽ പ്രാവുകൾക്കായി ധാന്യങ്ങൾ വിതറി. നമ്പർ പ്ലേറ്റ് വ്യക്തമല്ലാത്തതിനാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല, എന്നാൽ വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പ്രാവുകളുടെ അനിയന്ത്രിതമായ കൂട്ടംചേരൽ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും പാരിസ്ഥിതിക നാശത്തിനും ഇടയാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി പൊതുജനാരോഗ്യ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിന് ദീർഘകാലമായി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബിഎംസി) ബോംബെ ഹൈക്കോടതി ജൂലൈ 31ന് കർശന നിർദ്ദേശം നൽകിയിരുന്നു.തുടർന്നാണ് നടപടിയിലേക്ക് നീങ്ങിയത്. അതേസമയം, മൃഗസംരക്ഷണ പ്രവർത്തകർ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർത്തുന്നുണ്ട്.

