ഡൽഹി: ഛത്തീഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി കന്യാസ്ത്രീകൾക്ക് മോചനം. 9 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇന്ന് ഇരുവരും ജയിൽ മോചിതനായത്. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കിയത്. കടുത്ത ഉപാധികളില്ലാതെയാണ് കോടതി ഇരുവർക്കും ജാമ്യം നൽകിയത്. കോടതി നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരമാണ് ഇരുവരും ജയിലിൽ നിന്ന് പുറത്തുവന്നത്. ഇരുവരും ഇപ്പോൾ തങ്ങളുടെ മഠത്തിലേക്ക് പോയിരിക്കുകയാണ്.
സാധാരണ ഗതിയിൽ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി കോടതിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വാദത്തിനിടെ കേസ് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു.
ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും ഇക്കാര്യം ഉറപ്പു നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

