തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. നെഫ്രോളജി വിദഗ്ധനടക്കം തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എത്തിയ ഡോക്ടർമാരുടെ സംഘം വിഎസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. ഡയാലിസ് അടക്കം ചികിത്സകൾ തുടരാനാണ് നിർദ്ദേശം.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസിനെ നേരിൽ കണ്ടിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. വിഎസ് ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും എം എ ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി പറഞ്ഞു.

