മലപ്പുറം: പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ശമ്പളബില്ലിൽ തിരിമറി നടത്തി പണം തട്ടിയ കേസിൽ യുഡി ക്ലാർക്കിന് 32 വർഷം തടവ്. നെടിയിരുപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ യുഡി ക്ലാർക്ക് ആയിരുന്ന സി. നാസിറിനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. ശമ്പളബില്ലുകളിലും മറ്റും തിരിമറി നടത്തി 2.31 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തുവെന്നാണ് കേസ്. നിലവിൽ 32 വർഷം കഠിനതടവും 1.40 ലക്ഷം രൂപ പിഴയും അടക്കാനാണ് കോടതി ഉത്തരവ്. വിജിലൻസ് കോടതി ജഡ്‌ജി ഷിബു തോമസാണ് ശിക്ഷിച്ചത്.
മലപ്പുറം മൊറയൂർ സ്വദേശിയായ നാസിർ നെടിയിരുപ്പിൽ ജോലിചെയ്തിരുന്ന 2004-2006 കാലത്താണ് ശമ്പളബില്ലുകളിൽ ക്രമക്കേട് നടത്തിയത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ ബില്ലുകൾ തയ്യാറാക്കൽ, തുക വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചുമതലകൾ നോക്കിയിരുന്ന ഇയാൾ പണം തിരിമറി നടത്തുകയായിരുന്നു. ഇതിനിടയിൽ മലപ്പുറം വിജിലൻസ് യൂണിറ്റ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിക്കപ്പെട്ടു. രേഖകൾ കൃത്രിമമായുണ്ടാക്കിയതിനും 2,31,767 രൂപ തട്ടിയെടുത്തതിനുമാണ് പിടിക്കപ്പെട്ടത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺനാഥ് ഹാജരായി.

