നാടാകെ ഭീതി പരത്തിയത് പൂച്ചപ്പുലിയോ? സംസ്ഥാന പാതയിൽ പുലിക്ക് സമാനമായ ജീവി വാഹനമിടിച്ച് ചത്ത നിലയിൽ

0

തിരുവല്ല: പത്തനംതിട്ടയിൽ സംസ്ഥാന പാതയിൽ പുലിക്ക് സമാനമായ ജീവിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി. തിരുവല്ല മണിപ്പുഴയിലാണ് ആളുകൾ വിചിത്ര ജീവിയെ കണ്ടത്. പൂച്ചയാണെന്നും പുലിയാണെന്നും ആളുകൾ പറയുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെ ആറോടെ പത്ര വിതരണക്കാരനാണ് ചത്ത നിലയിൽ ജീവിയെ കണ്ടെത്തിയത്.

അതേസമയം പൂച്ചപ്പുലി ആണിതെന്ന പ്രാഥമിക നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. നേരിട്ട് എത്തിയശേഷം മാത്രമ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവു എന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു. മണിപ്പുഴയിലെ തന്നെ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തെ പുരയിടത്തിൽ രണ്ടാഴ്ച മുമ്പ് പുലിക്ക് സമാനമായ ജീവിയെ കണ്ടതിനെ തുടർന്ന് നാടാകെ ഭീതി പടർന്നിരുന്നു. കണ്ടത് പൂച്ചപ്പുലിയെ ആണെന്ന് റാന്നിയിൽ നിന്നെത്തിയ വനപാലക സംഘം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച മണിപ്പുഴയിൽ പുലി ഇറങ്ങിയെന്ന് പ്രചരിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം മുൾമുനയിൽ ആയിരുന്ന മണിപ്പുഴ നിവാസികൾ. പ്രദേശത്ത് കണ്ടെത്തിയ പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി സ്ഥിരീകരിച്ചതോടെ ആണ് എട്ടു മണിക്കൂറോളം നീണ്ട ആശങ്കയ്ക്ക് വിരാമമായത്.

മണിപ്പുഴ – പഞ്ചമി റോഡിൽ സമീപവാസിയായ സംഗീതയാണ് വളർത്തുനായയുടെ നിർത്താതെയുള്ള കുരയെത്തുടർന്ന് റോഡിലേക്ക് നോക്കിയപ്പോൾ പുലിക്ക് സമാനമായ അപൂർവ ജീവിയെ കണ്ടത്. സംഗീതയെ കണ്ട് ജീവി സമീപത്തെ പുരയിടത്തിൽ ഒളിച്ചു. പിന്നീട് ഇത് റോഡ് മുറിച്ചു കടന്ന് സമീപത്തെ ആളൊഴിഞ്ഞ മറ്റൊരു പുരയിടത്തിലേക്ക് പോകുന്നതായി കണ്ടു. തുടർന്ന് മൊബൈൽ ഫോണിൽ ജീവിയുടെ 40 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം പകർത്തുകയായിരുന്നു. ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെയാണ് പുലി ഇറങ്ങി എന്ന വാർത്ത നാടാകെ പരന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here