തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ജെയ്‌സൺ. രാവിലെ മുറി തുറക്കാതെ വന്നപ്പോളാണ് വീട്ടുകാർക്ക് സംശയം തോന്നിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജെയ്‌സണിന് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് കുടുംബം പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

