ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ രണ്ടാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി വനിതാ ഹോസ്റ്റലിലെ മുറിയില്‍ ജീവനൊടുക്കി. ഗുഡ്ഗാവ് സ്വദേശിനിയും ശാരദ സര്‍വകലാശാല വിദ്യാര്‍ഥിനിയുമായ ജ്യോതി ശര്‍മയാണ് വെള്ളിയാഴ്ച രാത്രിയിൽ ജീവനൊടുക്കിയത്. കോളേജിലെ രണ്ട് പ്രൊഫസര്‍മാരില്‍നിന്നുള്ള മാനസികപീഡനത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ജ്യോതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘അവര്‍ ജയിലില്‍ പോകണമെന്നാണ് എന്റെ ആഗ്രഹം. അവര്‍ എന്നെ മാനസികമായി ചൂഷണം ചെയ്തു. എന്നെ അപമാനിച്ചു. ദീര്‍ഘകാലമായി ഞാന്‍ സമ്മര്‍ദത്തിലാണ്. അവരും ഇത് അനുഭവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, ജ്യോതിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
ജ്യോതിയുടെ മരണവാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അതിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ചെറിയ സംഘര്‍ഷവും രൂപപ്പെട്ടു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണവിധേയരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഗ്രേറ്റര്‍ നോയിഡ ഡിസിപി സുധീര്‍ കുമാര്‍ പറഞ്ഞു. ജ്യോതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

