മോസ്കോ: റഷ്യയുടെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്നതിനായി യുക്രേനിയൻ സൈനികരെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ നൽകിയ ഒരു അമേരിക്കൻ പൗരന് റഷ്യൻ പൗരത്വം നൽകി. ഇന്നലെയാണ് റഷ്യൻ അധികൃതർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡാനിയേൽ മാർട്ടിൻഡേൽ എന്ന അമേരിക്കൻ പൗരനാണ് റഷ്യൻ പൗരത്വം ലഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഡാനിയൽ മാർട്ടിൻഡേലിന് പൗരത്വം നൽകിയത്.
തനിക്ക് റഷ്യൻ പൗരത്വം ലഭിച്ച വിവരം ഡാനിയൽ മാർട്ടിൻഡേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ‘റഷ്യ എന്റെ ഭവനം മാത്രമല്ല, കുടുംബം കൂടിയാണെന്ന വിശ്വാസം ഹൃദയത്തിൽ മാത്രമല്ല നിയമപ്രകാരവും ആയതിൽ അതിയായി സന്തോഷിക്കുന്നു’ – ഡാനിയൽ മാർട്ടിൻഡേൽ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ പാസ്‌പോർട്ട് ഉയർത്തികാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ഡാനിയേൽ മാർട്ടിൻഡേൽ രണ്ട് വർഷം യുക്രെയ്നിൽ ചെലവഴിച്ചിരുന്നു. ഈ സമയം അദ്ദേഹം യുക്രൈൻ സൈനിക സൈറ്റുകളുടെ കോർഡിനേറ്റുകൾ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായി റഷ്യയുടെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
2018ൽ റഷ്യയിൽ എത്തിയ ഡാനിയൽ റഷ്യൻ ഭാഷ പഠിക്കുകയും ഏതാനും നാൾ ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. കുറച്ചുനാൾ പോളണ്ടിലായിരുന്ന ഡാനിയൽ 2022 ൽ യുക്രെയ്‌നിൽ എത്തിയതിനു പിന്നാലെയാണ് ഫെബ്രുവരിയിൽ റഷ്യ ആക്രമണം ആരംഭിച്ചത്. ആദ്യം ലിവിവ് നഗരത്തിൽ താമസിച്ചിരുന്ന ഡാനിയൽ തുടർന്ന് ഡോണെറ്റ്സ്‌കിൽ താമസിച്ച് കാർഷികവൃത്തിയിലേർപ്പെടുകയും സമീപവാസികളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്‌തു.
സമൂഹമാധ്യമത്തിലൂടെ റഷ്യൻ സൈന്യവുമായി ബന്ധം സ്ഥാപിച്ച ഡാനിയൽ യുക്രെയ്‌നിന്റെ സൈനിക വിന്യാസമുൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറി. ഡാനിയൽ താമസിച്ചിരുന്ന ഗ്രാമത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതിനു പിന്നാലെ അദ്ദേഹത്തെ റഷ്യയിലെത്തിക്കുകയായിരുന്നു. രണ്ടു വർഷം റഷ്യൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്‌തെന്നും ഇനിയും അത് തുടരാൻ താൽപര്യമുണ്ടെന്നും ഡാനിയൽ പറഞ്ഞു. ഡാനിയലിന്റെ സേവനത്തിനുള്ള നന്ദിയും ബഹുമാനവുമാണ് റഷ്യൻ പാസ്‌പോർട്ടെന്ന് അധികൃതർ വ്യക്തമാക്കി.

