ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സഖ്യകക്ഷികൾ പ്രഖ്യാപിച്ചതാണ് നെതന്യാഹു സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നത്. യുണൈറ്റഡ് തോറ ജുഡെയിസം (യുടിജെ) എന്ന തീവ്ര യാഥാസ്ഥിതിക പാർട്ടിയാണ് നെതന്യാഹു മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. പാർട്ടിയുടെ ആറ് എംപിമാർ രാജിവെക്കാനാണ് തീരുമാനം. ഇതിനു പിന്നാലെയാണ് മറ്റൊരു തീവ്ര യാഥാസ്ഥിതിക പാർട്ടിയായ ഷാസ് സർക്കാർ വിടുമെന്ന് പ്രഖ്യാപിച്ചത്. രണ്ടു പാർട്ടികളും മുന്നണി വിട്ടാൽ ബെഞ്ചമിൻ നെതന്യാഹു സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.
മതവിദ്യാർഥികൾക്ക് സൈനിക സേവനം എന്ന നെതന്യാഹുവിന്റെ പ്രഖ്യാപനമാണ് ഇപ്പോൾ മന്ത്രിസഭയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുന്നത്. മതവിദ്യാർഥികൾക്ക് സൈനിക സേവനം എന്ന നയം ഒഴിവാക്കാണമെന്നാണ് മന്ത്രിസഭയിലെ തീവ്ര യാഥാസ്ഥിതിക പാർട്ടികളുടെ നിലപാട്. എന്നാൽ, ഇതംഗീകരിക്കാൻ നെതന്യാഹു തയ്യാറാകാതിരുന്നതാണ് ഈ പാർട്ടികളെ ചൊടിപ്പിച്ചത്. യുടിജെ പിന്തുണ പിൻവലിച്ചാലും നെതന്യാഹുവിന് നേരിയ ഭൂരിപക്ഷം ഉണ്ടെങ്കിലും ഷാസ് കൂടി പന്തുണ പിൻവലിച്ചാൽ ഭൂരിപക്ഷം നഷ്ടമാകും.
നയം തിരുത്താൻ നെതന്യാഹുവിന് 48 മണിക്കൂർ കൂടി സമയം നൽകുമെന്ന് യുടിജെ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ പാർലമെന്റ് സമ്മേളനം സമാപിക്കും. അതിനാൽ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിക്ക് മൂന്നു മാസം കൂടി ലഭിക്കുമെന്നാണു വിലയിരുത്തൽ. ഖത്തറിൽ നടന്നുവരുന്ന ഗാസ വെടിനിർത്തൽ ചർച്ചകളുടെ പേരിലും നെതന്യാഹുവിനെതിരെ മുന്നണിയിലെ തീവ്രകക്ഷികൾ രംഗത്തുവന്നിട്ടുണ്ട്.
1948ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിതമായപ്പോൾ നിർമിച്ച കരാർ പ്രകാരം മതവിദ്യാർഥികൾ മുഴുവൻ സമയവും മതപഠനത്തിനായി സമർപ്പിക്കുന്നതുകൊണ്ട് സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ 21 മാസമായി തുടരുന്ന ഇസ്രയേൽ–ഗാസ സംഘർഷത്തെത്തുടർന്ന് ഇളവുകൾ തുടരാൻ സർക്കാർ പരാജയപ്പെട്ടതൊടെയാണ് മുന്നണി വിടാൻ കക്ഷികൾ തീരുമാനിച്ചത്.

