തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ബസുടമകൾ പണിമുടക്കിലേക്ക് പോയത്.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

