ഇടുക്കി: വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിലേറെ ദൂരം. വത്സപ്പെട്ടി ഉന്നതിയിലെ ആര്‍ ഗാന്ധിയമ്മാളിനെ ആണ് ചുമന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. വാഹന സൗകര്യമില്ലാത്തതിനാലാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇവരെ പുതപ്പില്‍ കെട്ടി ചുമന്നു കൊണ്ട് പോയത്. പാറയില്‍ നിന്നും തെന്നിവീണാണ് ഗാന്ധിയമ്മാളിന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ കൊണ്ട് പോകാനായി 50 പേര്‍ ചേര്‍ന്ന് വയോധികയെ പുതപ്പില്‍ കെട്ടി ചുമക്കുകയായിരുന്നു.
2019 ലെ പ്രളയത്തില്‍ തകര്‍ന്നതാണ് പ്രദേശത്തെ റോഡ്. നവീകരണം ഇത് വരെ സാധ്യമായിട്ടില്ല. നിലവിൽ വാഹന സൗകര്യം പോലുമില്ലാത്ത വനപാതമാത്രമാണ് ആശ്രയമെന്ന് പ്രദേശവാസികൾ പറയുന്നു. വട്ടവടയേയും കാന്തല്ലൂരുമായി ബന്ധിപ്പിക്കാനുളള പാതക്ക് വനംവകുപ്പ് തടസ്സം നിൽക്കുന്നതാണ് പ്രശ്നമെന്ന് ഉന്നതിയിലെ താമസക്കാർ പറയുന്നു.
പതിനാല് കിലോമീറ്റർ പാതവന്നാൽ അടിയന്തിര ചികിത്സാ സഹായമുൾപ്പെടെ വത്സപ്പെട്ടിക്കുടിക്കാർക്ക് കിട്ടും. അതേസമയം ആദിവാസി ഉന്നതിയിലേക്ക് റോഡ് നിർമ്മിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നും റോഡിൻ്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ദേവികുളം എംഎൽഎ എ രാജ പ്രതികരിച്ചു.

