‘ഇസ്രായേലിനെതിരെ ആരെങ്കിലും കൈ ഉയര്‍ത്തിയാല്‍ ആ കൈ, ഞങ്ങള്‍ വെട്ടിമാറ്റും’; തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ കാറ്റ്‌സ്

0

ടെൽ അവീവ്: ഹൂത്തികളുടെ മിസൈലാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഇറാന് സംഭവിച്ചത് എന്താണോ അതേ വിധിയാണ് യെമനുമുണ്ടാകുക എന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിനെതിരെ ആരെങ്കിലും കൈ ഉയര്‍ത്തിയാല്‍ ആ കൈ, ഞങ്ങള്‍ വെട്ടിമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ചൊവ്വാഴ്ച യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഭീഷണി തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്നും ഇസ്രായേല്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലിലെ നിരവധി പ്രദേശങ്ങളില്‍ സൈറണുകള്‍ മുഴങ്ങി. ചൊവ്വാഴ്ച നടന്ന മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിരുന്നു. ഒരു വിമാനത്താവളത്തെയും മറ്റ് തന്ത്രപ്രധാന ഇസ്രായേലി കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നാല് ഓപ്പറേഷനുകൾ നടത്തിയതായാണ് ഹൂത്തി സൈനിക വക്താവ് യഹ്‌യ സാരി വ്യക്തമാക്കിയിരുന്നത്. ഗസ്സയിലെ ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിനെ ഹൂത്തികള്‍ നിരന്തരം ആക്രമിക്കുന്നുണ്ട്.

“യെമൻ സായുധ സേനയുടെ മിസൈൽ സേന പലസ്തീൻ 2 ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യാഫയിലെ അധിനിവേശ പ്രദേശത്തെ ലോഡ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് സൈനിക നടപടി നടത്തി. ലക്ഷക്കണക്കിന് സയണിസ്റ്റുകൾ അഭയകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യാനും വിമാനത്താവള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും കാരണമായി” – ഹൂതി സൈനിക വക്താവ് യഹ്‌യ സാരി ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു, മിസൈൽ ആക്രമണത്തെ ചെറുക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇസ്രയേൽ സജ്ജമാക്കി. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here