ഇന്ന് മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം; ഒരു വർഷം പൂർത്തിയാകുമ്പോൾ കേന്ദ്രസർക്കാരിനും ബിജെപിക്കും ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ ഇവയാണ്..

0

ന്യൂഡൽഹി: നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലേറിയിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. അടിസ്ഥാന വികസന പ്രവർത്തനങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിലെ ഇടപെടൽ വരെ നിർണായക നേട്ടങ്ങളാണ് ഒരുവർഷം കൊണ്ട് കരസ്ഥമാക്കിയതെന്ന ആത്മവിശ്വാസത്തോടെയാണ് ബിജെപിയും കേന്ദ്രസർക്കാർക്കാരും മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ വർധിച്ചു എന്നാണ് വിലയിരുത്തൽ.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത നടപടി തന്നെയാണ് മൂന്നാം മോദി സർക്കാരിന്റെ ​ഗ്രാഫ് കുത്തനെ ഉയർത്തിയത്. ഇതിനു പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്രസർക്കാർ നിയോ​ഗിച്ച പ്രതിനിധി സംഘത്തിൽ പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടുത്താൻ കഴിഞ്ഞതും സർക്കാരിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു വർഷം കൊണ്ട് വിവിധ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായതും മൂന്നാം മോദി സർക്കാരിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്.

പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ ക്ഷീണവുമായാണ് മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയത്. 543 അംഗ ലോക്സഭയിൽ നാനൂറിനു മുകളിൽ സീറ്റ് നേടുമെന്ന ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ബിജെപിയുടെ സീറ്റ് കേവല ഭൂരിപക്ഷത്തിനും താഴെ 240ൽ ഒതുങ്ങി.

ജെഡിയുവിനെയും ടിഡിപിയെയും പിണക്കാൻ പറ്റാതായതോടെ തുടക്കത്തിൽ അവരുടെ സമ്മർദങ്ങൾക്കു വഴങ്ങേണ്ടിവന്നു. മൂന്നാം വരവിലെ ആദ്യ ബജറ്റിൽ ഇതു പ്രതിഫലിച്ചതും ചർച്ചയായി. എന്നാൽ, പിന്നീട് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ നേട്ടവും പ്രതിപക്ഷ നിരയിലെ അനൈക്യവും ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിജയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കരുത്തനാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണം തിരിച്ചുപിടിക്കാൻ ബിജെപിക്കു കഴിഞ്ഞു. കാൽനൂറ്റാണ്ടിനു ശേഷം ഡൽഹിയിലും ബിജെപി വിജയക്കൊടി നാട്ടി.

മണിപ്പുർ കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിമർശനം ഉയരുമ്പോഴും ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം എല്ലാവിഭാഗം ജനങ്ങളിലും സ്വീകാര്യതയുണ്ടാക്കാൻ സഹായിച്ചുവെന്നാണ് ബിജെപി വിലയിരുത്തൽ. ജാതി സെൻസസ് നടത്തുമെന്ന പ്രഖ്യാപനം, വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാൻ ടിഡിപി, ജെഡിയു കക്ഷികൾക്കു പുറമേ ചിരാഗ് പാസ്വാന്റെ എൽജെപി(ആർവി)യിൽനിന്നു ലഭിച്ച പിന്തുണ എന്നിവയെല്ലാമാണ് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനുള്ള ആദ്യ ചുവടുകൾ വയ്ക്കാൻ ബിജെപിക്ക് ധൈര്യമേകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here