ജറുസലം: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 95 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഭക്ഷണവിതരണ കേന്ദ്രങ്ങൾക്ക് സമീപവും ഇസ്രയേൽ സൈന്യം വെടിയുതിർത്തു. റാഫയിലെ ഭക്ഷണവിതരണ കേന്ദ്രത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ അഞ്ചുപേരും മധ്യഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ ഒരാളും കൊല്ലപ്പെട്ടു.
ഞായറാഴ്ച രാവിലെ ഭക്ഷണവിതരണം ആരംഭിക്കുന്നതിനു മുൻപാണ് ഇസ്രയേൽ സൈന്യം ജനക്കൂട്ടത്തിനു നേരേ വെടിയുതിർത്തത്. ആഹാരം വാങ്ങാനെത്തിയവർക്കു നേരേയൊണ് വെടിവയ്പ്പുണ്ടായത്. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, തായ്‌ലൻഡുകാരനായ ബന്ദി നട്ടപോങ് പിന്റയുടെ മൃതദേഹം കൂടി റഫായിൽനിന്ന് ഇസ്രയേൽ സൈന്യം കണ്ടെടുത്തു. ഇസ്രയേലിൽ തോട്ടംതൊഴിലാളിയായായിരുന്നു പിന്റ (35). ബന്ദികളാക്കപ്പെട്ട 2 തായ് പൗരന്മാരുടെ മൃതദേഹം കൂടി കണ്ടെടുക്കാനുണ്ടെന്ന് തായ്‌ലൻഡ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗാസയിൽ ശേഷിക്കുന്ന 55 ബന്ദികളിൽ പകുതിയോളംപേർ മാത്രമാണു ജീവനോടെയുള്ളത്.

