അമൃത്സർ: പഞ്ചാബിലെ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ജഗ്ഗു ഭഗവാൻപുരിയയുടെ അമ്മ ഹർജിത് കൗറും അടുത്ത സഹായി കരൺവീറും വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രിയിൽ പഞ്ചാബിലെ ബടാലയിലാണ് സംഭവം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ സംഘം ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. അർബൻ എസ്റ്റേറ്റ് പ്രദേശത്തെ ഹർജിത് കൗറിന്റെ വീടിനടുത്തെത്തിയപ്പോൾ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരായ അക്രമികൾ അവർക്ക് നേരെ വെടിയുതിർത്തതായി ബട്ടാലയിലെ സീനിയർ പോലീസ് സൂപ്രണ്ട് സുഹൈൽ ഖാസിം മിർ പറഞ്ഞു.
ജഗ്ഗു ഭഗവൻപുരിയയുടെ അമ്മ ഹർജിത് കൗർ (52) , കാർ ഓടിച്ചിരുന്ന കരൺവീർ സിംഗ് (29) എന്നിവർ ഒരു സ്കോർപിയോ കാറിനുള്ളിൽ ഇരിക്കുമ്പോളാണ് അക്രമം നടന്നത്. കാറിന്റെ സൈഡിൽ ബൈക്ക് നിർത്തിയ ശേഷം ഇവർ വെടിയുതിർക്കുകയായിരുന്നു. ഡ്രൈവർ കരൺവീർ സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹർജിത് കൗറിന്റെ ശരീരത്തിൽ ആറ് വെടിയുണ്ടകൾ തറച്ചുകയറി. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തെത്തുടർന്ന്, അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജഗ്ഗു ഭഗവാൻപുരിയയുടെ കോടതി കേസുമായി ബന്ധപ്പെട്ട് ഇരുവരും ടാർൺ തരണിലേക്ക് പോയിരുന്നുവെന്നും വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്നും പൊലീസ് പറയുന്നു.
കാർ ഓടിച്ചിരുന്ന കരൺവീർ സിംഗ് ആയിരുന്നു അക്രമികളുടെ പ്രധാന ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് പേർക്കും മുഖത്തും നെഞ്ചത്തും വയറിലുമാണ് വെടിയേറ്റത്. 128-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുരുദാസ്പൂർ സ്വദേശിയായ ജഗ്ഗു ഭഗവൻപുരിയ, 2022-ൽ പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും അറസ്റ്റിലായിരുന്നു.
പിന്നീട് ഇക്കഴിഞ്ഞ മാർച്ചിൽ 2025 മാർച്ചിൽ, ലഹരി വരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇയാളെ, ബത്തിന്ദ ജയിലിൽ നിന്ന് അസമിലെ സിൽചാർ ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസത്തെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സമൂഹ മാധ്യമത്തിൽ വൈറലായ ഒരു പോസ്റ്റിൽ, ഹരിയാനയിൽ നിന്നുള്ള രണ്ട് ഗുണ്ടാനേതാക്കളായ പ്രഭു ദസുവാൾ, കൗശൽ ചൗധരി എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ഇരുവരും ബാംബിഹ സംഘവുമായി ബന്ധമുള്ളവരാണെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും, പൊലീസ് ഇതുവരെ ഈ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

