കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരിവേട്ട; ആന്ധ്രയിൽ നിന്നെത്തിച്ച ഹാഷിഷും എം‍‍‍ഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0

കോഴിക്കോട്: കോഴിക്കോട് നടന്ന ലഹരി പരിശോധനയിൽ ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എം‍‍‍ഡിഎംഎയും പിടികൂടി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കല്ലായി സ്വദേശി എൻ.പി ഷാജഹാൻ, ബേപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി എന്നിവരാണ് അറസ്റ്റിലായത്. നടക്കാവ് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ മാവൂർ റോഡ് പരിസരത്ത് വെച്ച് പ്രതികൾ കുടുങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.

പ്രതികളിൽ ഒരാളായ ഷാജഹാൻ മുൻപ് 120 കിലോ കഞ്ചാവുമായി പിടിയിലായ കേസിൽ ആന്ധ്രായിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. കല്ലായിയിൽ ട്രെയിൻ ഇറങ്ങി മാവൂർ റോഡിലേക്ക് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾക്ക് പരിശോധനയ്ക്കിടെ പിടിവീഴുകയായിരുന്നു. അറസ്റ്റിലായ രണ്ടുപേരും മറ്റ് കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ശനിയാഴ്ചയും സമാനമായ രീതിയിൽ വൻ ലഹരിവേട്ട നടന്നിരുന്നു. ജില്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി 25 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മലയാളിയടക്കം നാല് പേർ അറസ്റ്റിലായി. പണിക്കർ റോഡിലെ വാടക മുറിയിൽ നിന്നാണ് 22.25കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ ലക്‌നൗ സ്വദേശികളായ ദീപക് കുമാർ, വാസു എന്നിവർ പിടിയിലായി. കടലക്കച്ചവടം മറയാക്കിയായിരുന്നു ഇരുവരും കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പ്രധാനമായും ടർഫുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഡാൻസാഫും വെള്ളയിൽ പോലീസും ചേർന്നാണ് പ്രതികളെയും കഞ്ചാവും പിടികൂടിയത്.

കോഴിക്കോട് നടക്കാവ് ഇം​ഗ്ലീഷ് പള്ളിക്ക് അടുത്തുവെച്ച് മറ്റ് രണ്ട് പേർ കൂടി കഞ്ചാവുമായി പിടിയിലായി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ്, കൽക്കത്ത സ്വദേശി സൗരവ് സിത്താർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന 2.5 കിലോ കഞ്ചാവ് പോലീസ് പിടിക്കൂടി. നടക്കാവ് പോലീസിന്റെ പതിവ് പട്രോളിം​​ഗിനിടെയാണ് പ്രതികൾ കുടുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here