യുഎന്‍ രക്ഷാസമിതിയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വേണം, പിടിവാശിയുമായി പാകിസ്ഥാൻ; വഴങ്ങാതെ മറ്റ് രാജ്യങ്ങൾ

0

യുഎന്‍ രക്ഷാസമിതിയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട നാല് കമ്മിറ്റികളുടെ നേതൃസ്ഥാനത്ത് ഉള്‍പ്പെടുത്തണമെന്ന പാകിസ്താന്റെ ആവശ്യത്തിന് തിരിച്ചടി. സമിതിയിലെ മറ്റ് അംഗങ്ങള്‍ പാകിസ്താന്റെ ആവശ്യത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. ഒരു കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം മാത്രമാണ് നല്‍കിയത്. 1267 ഉപരോധ കമ്മിറ്റി, 1540 ഉപരോധ കമ്മിറ്റി, 1988 താലിബാന്‍ കമ്മിറ്റി, 1373 കൗണ്ടര്‍ ടെററിസം കമ്മിറ്റി എന്നീ നാലു കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വേണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, താലിബാന്‍ കമ്മിറ്റിയില്‍ അധ്യക്ഷസ്ഥാനം മാത്രമാണ് നല്‍കിയത്. അതിനൊപ്പം കൗണ്ടര്‍ ടെററിസം കമ്മിറ്റിയില്‍ ഉപാധ്യക്ഷസ്ഥാനവും അനുവദിച്ചു.

യുഎന്നിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങള്‍ക്കും ഈ കമ്മിറ്റികളുടെ തലപ്പത്ത് വരാന്‍ ആഗ്രഹമില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ., യു.എസ്. എന്നീ രാജ്യങ്ങളാണ് യുഎന്നിലെ സ്ഥിരാംഗങ്ങള്‍. പാകിസ്താന്റെ ഈ ആവശ്യം യുഎന്‍ കമ്മിറ്റികളെ നിര്‍ണയിക്കുന്നത് വൈകിപ്പിച്ചുവെന്ന് വിമര്‍ശനമുണ്ട്. 2025 ജനുവരിയില്‍ തന്നെ ഇത് തീര്‍പ്പാകേണ്ടതായിരുന്നുവെന്നും എന്നാല്‍ പാകിസ്താന്‍ ഇത് അഞ്ചുമാസത്തോളം നീട്ടിക്കൊണ്ടുപോയെന്നും വിമര്‍ശനമുയര്‍ന്നു. പാകിസ്താന്റെ നിലപാടിനോട് രക്ഷാസമിതിയിലെ മറ്റ് അംഗങ്ങള്‍ക്ക് യോജിപ്പില്ല.

യുഎന്‍ രക്ഷാസമിതിയിലെ കൗണ്ടര്‍ ടെററിസം കമ്മിറ്റിയില്‍ നേരത്തേ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണവും ശേഷം ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറും ലോക ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ സൈനിക പ്രതിരോധത്തെ കുറിച്ചും പാകിസ്താന്റെ ഭീകരവാദത്തെയും കുറിച്ച് അറിയിക്കാൻ കഴിഞ്ഞ ദിവസമാണ് പ്രതിനിധി സംഘങ്ങൾ മറ്റ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here