യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ; ഫൈനലിൽ സ്പെയിനെ തകർത്തത് പെനാലിറ്റി ഷൂട്ടൗട്ടിൽ

0

മ്യൂണിക്: തീപാറും പോരിനൊടുവിൽ സ്പെയിനിനെ തകർത്ത് യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി പോർച്ചു​ഗൽ. 120 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലും 2-2 എന്ന സമനിലയിൽ തുടർന്നതോടെ പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു. ഷൂട്ടൗട്ടിൽ 5–3നാണ് പോർച്ചുഗൽ വിജയം കണ്ടത്. മത്സരത്തിന്റെ നിശ്ചിത 90 മിനിറ്റിൽ ഇരു ടീമുകളും 2-2 എന്ന സമനില പിടിച്ചതോടെ എക്സ്ട്രാ ടൈമിലേക്ക് മത്സരം കടക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ഇരു ടീമുകൾക്കും ​ഗോൾ നേടാനായില്ല. തുടർന്നാണ് പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് പോയത്.

ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടു. എന്നാൽ, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗീസ് ഗോൾകീപ്പർ തടുത്തതാണ് മത്സരത്തിൽ നിർണായകമായത്.പോർച്ചുഗലിനായി ഗോൺസാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബൻ ഡയസ് എന്നിവരാണ് ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്. സ്പെയിനിനായി മൈക്കൽ മെറീനോ, അലക്സ് ബയേന, ഇസ്കോ എന്നിവരും ലക്ഷ്യം കണ്ടു. പോർച്ചുഗൽ നിരയിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പാനിഷ് നിരയിൽ യുവതാരം ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല.

2019ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ കിരീടം ചൂടിയ പോർച്ചുഗലിന്റെ രണ്ടാം കിരീടമാണിത്. യുവതാരം ന്യൂനോ മെൻഡസിന്റെ തകർപ്പൻ പ്രകടനമാണ് പോർച്ചുഗലിന് കിരീടത്തിലേക്ക് വഴിതെളിച്ചത്. നിർണായക ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തിളങ്ങി.

ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് പോർച്ചുഗൽ സ്പെയിനെ സമനിലയിൽ തളച്ചത്. ആദ്യപകുതിയിൽ സ്പെയിൻ 2–1ന് മുന്നിലായിരുന്നു. 61–ാം മിനിറ്റിലാണ് റൊണാൾഡോ നിർണായക ഗോൾ നേടിയത്. യുവതാരം ന്യൂനോ മെൻഡസിന്റെ (26–ാം മിനിറ്റ്) വകയായിരുന്നു പോർച്ചുഗലിന്റെ ആദ്യ ഗോൾ. യുവതാരം മാർട്ടിൻ സുബിമെൻഡി (21–ാം മിനിറ്റ്), മൈക്കൽ ഒയാർസബാൽ (45–ാം മിനിറ്റ്) എന്നിവരാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here