കൊച്ചി: കൊച്ചിയിൽ ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ സംസ്ഥാനത്തിന് പ്രതീക്ഷയേറുന്നു. സമാനമായ സംഭവത്തിൽ 2011-ല്‍ മുംബൈ തീരത്തിന് 20 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദേശീയ ഹരിതട്രിബ്യൂണല്‍ പിഴയിട്ടത് 100 കോടി രൂപയോളമാണ്. അന്ന് ഡെല്‍റ്റ ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ എംവി റാക്ക് കപ്പലായിരുന്നു അപകടത്തിനിരയായത്. 60,054 മെട്രിക് ടണ്‍ കല്‍ക്കരിയുമായി ഗുജറാത്തിലെ ദഹേജ് തുറമുഖത്തേക്കെത്തിയ കപ്പലാണ് മുങ്ങിയത്. 290 ടണ്‍ ബങ്കര്‍ ഇന്ധനവും 50 ടണ്‍ ഡീസലും കപ്പലിലുണ്ടായിരുന്നു. സാങ്കേതികത്തകരാറായിരുന്നു അപകടകാരണം.
കപ്പലില്‍നിന്ന് പടര്‍ന്ന എണ്ണ കടലിനെ മലിനമാക്കുകയും മത്സ്യസമ്പത്തടക്കം നശിപ്പിക്കുകയും ചെയ്തു. തീരത്തെ കണ്ടലുകളെയും ബാധിച്ചു. കടലില്‍ അടിഞ്ഞ കല്‍ക്കരി ഭാവിയിലും ഭീഷണിയാണെന്നും വിലയിരുത്തിയായിരുന്നു കപ്പല്‍ കമ്പനിക്ക് പിഴചുമത്തിയത്. പരിസ്ഥിതിപ്രവര്‍ത്തകന്‍ സമീര്‍ മേത്തയാണ് ഹരിതട്രിബ്യൂണലിനെ സമീപിച്ചത്. അദാനി കമ്പനിക്കുവേണ്ടി കൊണ്ടുവന്നതായിരുന്നു കല്‍ക്കരി. കപ്പല്‍ ഉടമയും അദാനി കമ്പനിയും വീഴ്ചയില്ലെന്ന വാദമാണ് ഉന്നയിച്ചത്. എന്നാല്‍, പരിസ്ഥിതിസംരക്ഷണ നിയമം, ജലനിയമം, ദേശീയ ഹരിതട്രിബ്യൂണല്‍ ആക്ട്, മര്‍ച്ചന്റ് ഷിപ്പിങ് ആക്ട്, പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് ആക്ട്, മാരിടൈം സോണ്‍ ആക്ട്, പൊല്യൂട്ടര്‍ പേ പ്രിന്‍സിപ്പല്‍ നിയമം എന്നിവ പ്രകാരം കപ്പല്‍ കമ്പനി കുറ്റക്കാരാണെന്ന് ഹരിതട്രിബ്യൂണല്‍ കണ്ടെത്തി.
കടലില്‍ നിന്ന് മാലിന്യം നീക്കി ശുദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ച തുക കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കാനായിരുന്നു ട്രിബ്യൂണല്‍ ഉത്തരവ്. മറൈന്‍ ഷിപ്പിങ് ആക്ടിലെ വകുപ്പ് 71 പ്രകാരം അദാനി കമ്പനിക്ക് അഞ്ചുകോടി രൂപയും പിഴയിട്ടു. ഇപ്പോൾ കേരളതീരത്ത് തുടര്‍ച്ചയായി രണ്ട് കപ്പലപകടമുണ്ടായ പശ്ചാത്തലത്തില്‍ ഹരിതട്രിബ്യൂണലിന്റെ സുപ്രധാനമായ ഉത്തരവ് വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവുകൾ നോക്കിയാൽ സംസ്ഥാനത്തിന് നഷ്ടപരിഹാരമായി വൻ തുക ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.37 കിലോമീറ്റര്‍) അകലെവെച്ച് മേയ് 24-നാണ് എം എസ് സി എൽസ കപ്പല്‍ ആദ്യം ചെരിഞ്ഞതും പിന്നീട് പൂര്‍ണമായി മുങ്ങിയതും. പിന്നീട് കഴിഞ്ഞ ദിവസം വാൻഹായ് 503 എന്ന ചരക്കു കപ്പൽ തീ പിടിച്ചതും കേരളം തീരത്തു വെച്ചാണ്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ കപ്പലിലാണ് അപകടമുണ്ടായത്.

