ശക്തമായ തിരയിൽപ്പെട്ടു; ആലപ്പുഴയിൽ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0

അമ്പലപ്പുഴ: പുന്നപ്രയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്തുവള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. കാണാതായ പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാർഡ് ചാണയിൽ വീട്ടിൽ സ്റ്റീഫന്‍റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പ്, വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായ സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ തെക്കുമാറി പുറക്കാട് തീരത്തിനടുത്താണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പുലി മുരുകൻ എന്ന വള്ളത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലർച്ചെ പൊന്തു ഇറക്കുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ടാണ് സ്റ്റീഫനെ കാണാതായത്. തുടർന്ന് തീരദേശ പൊലീസും, മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു. മത്സ്യബന്ധന വകുപ്പിന്റെ രക്ഷാബോട്ടില്‍ തോട്ടപ്പള്ളി തുറമുഖത്ത് കൊണ്ടുവന്ന മൃതദേഹം ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തോട്ടപ്പള്ളി തീരദേശ പോലീസ് മേല്‍നടപടി സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here