പന്തീരങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം കവർന്ന കേസിൽ ഷിബിൻ ലാൽ പിടിയിലായി; പണം കണ്ടെത്താൻ കഴിയാതെ പോലീസ്

0

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്നാണ് പ്രതി ഷിബിൻ ലാലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, പണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പണവുമായി പ്രതി ഷിബിന്‍ലാല്‍ കടന്നു കളയാന്‍ ഉപയോഗിച്ച സ്കൂട്ടർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പണം നഷ്ടമായ ഇസാഫ് ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.

അതേസമയം, പന്തീരങ്കാവില്‍ ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ചതില്‍ ദുരൂഹതകള്‍ ഏറെ നിലനിൽക്കുകയാണ്. ജീവനക്കാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴികളാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. പണം തട്ടിപ്പറിച്ച ഷിബിലാല്‍ ബാങ്കിനെ സമീപിച്ചത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണം അവിടെ നിന്നും ഇസാഫിലേക്ക് മാറ്റണം എന്ന് പറഞ്ഞാണ്. ഇതേ ആവശ്യവുമായി മറ്റ് പല ബാങ്കുകളേയും ഇയാള്‍ സമീപിച്ചിരുന്നു. എന്നാല്‍ ആ ബാങ്കിലെ ജീവനക്കാര്‍ വീട്ടില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചതോടെ ഇടപാടിന് നില്‍ക്കാതെ പിന്‍വാങ്ങി. എന്നാല്‍ ഇസാഫിലെ ജീവനക്കാര്‍ മാത്രമാണ് പരിശോധന നടത്തിയ ശേഷം ഇയാളുമായി ഇടപടിന് തീരുമാനിച്ചത്.

ഷിബിലാല്‍ ആവശ്യപ്പെട്ട പണവുമായി ഇസാഫിലെ എട്ട് ജീവനക്കാരാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് എത്തിയത്. കൈമാറാനായി കാറില്‍ നിന്ന് പണം പുറത്തെടുത്ത ഉടന്‍ തട്ടിപ്പറിച്ചോടി എന്നാണ് ബാങ്ക് ജീവനക്കാരനായ അരവിന്ദന്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇത് മറ്റ് ഏഴ് ജീവനക്കാരും കണ്ടില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇത്രയും അധികം പണവുമായി ഒരാള്‍ ഓടി രക്ഷപ്പെട്ടിട്ടും ഇയാളുടെ പിന്നാലെ ഓടാനോ പിടിക്കാനോ ഒരു ശ്രമവും ഉണ്ടായില്ല. പോലീസില്‍ വിവരം അറിയിക്കാനും വൈകി. ഇതോടെയാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ ഷിബിലാല്‍ മാത്രമല്ലെന്ന സംശയം പോലീസിന് തോന്നി തുടങ്ങിയത്.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജീവനക്കാരനില്‍ നിന്നും പണം തട്ടിയെടുത്തപ്പോള്‍ സമീപത്തു തന്നെ മറ്റ് ഏഴു ജീവനക്കാരും ഉണ്ടായിരുന്നു. തട്ടിപ്പറിച്ച ബാഗുമായി പ്രതിക്ക് ഇത്രയും തിരക്കേറിയ സ്ഥലത്തു എങ്ങനെ സ്കൂട്ടറില്‍ കടന്നുകളയാന്‍ കഴിഞ്ഞു എന്നതും ആശ്ചര്യമുണ്ടാക്കുന്നതാണ്. പിടിയിലായ പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here