കൊച്ചി: കേരളം വിട്ട് ആന്ധ്രയിലേക്ക് പോകാനൊരുങ്ങി കിറ്റക്സ്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ നിർദേശപ്രകാരം എറണാകുളത്തെ കിറ്റക്സ് പ്ലാൻ്റിൽ ആന്ധ്രാ ടെക്സ്റ്റൈൽ മന്ത്രി സവിത ഇന്ന് സന്ദര്ശിച്ചു. കിറ്റക്സിനെ ആന്ധ്രയിലേക്ക് കൊണ്ടു പോവുകയാണ് ലക്ഷ്യം. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ മുൻപ് ഒന്നാമതായിരുന്നു ആന്ധ്ര. ആ സ്ഥാനം പിന്നീട് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ വീണ്ടും വ്യവസായികളെ സംസ്ഥാനത്ത് എത്തിക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം.
കേരളത്തിൽ ഇനി വ്യവസായം തുടരാൻ താത്പര്യമില്ലെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് മുമ്പ് അറിയിച്ചിരുന്നു. മന്ത്രി സന്ദർശിച്ചതിൽ സന്തോഷമുണ്ട്. 3500 കോടി രൂപയാണ് തെലങ്കാനയിൽ നിക്ഷേപിച്ചത്. സംസ്ഥാനം ബുദ്ധിമുട്ടിച്ചത് കൊണ്ടാണ് അന്ന് തെലങ്കാനയിലേക്ക് പോയത്. ഇപ്പോൾ ആന്ധ്രയിൽ നിന്ന് ക്ഷണം വന്നിരിക്കുന്നു. ടെക്സ്റ്റൈൽ മേഖലയിൽ ഇന്ത്യക്ക് വലിയ സാധ്യതയാണുള്ളതെന്നും സാബു എം ജേക്കബ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിക്ഷേപം സംബന്ധിച്ച തുടർ ചർച്ചകൾക്ക് സാബു എം ജേക്കബിനോട് നേരിട്ട് ആന്ധ്രയിലെത്താൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

