ടെൽ അവീവ്: മഡലീൻ ബോട്ടിലുണ്ടായിരുന്ന ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെ 12 ആക്ടിവിസ്റ്റുകളെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ എത്തിച്ച് അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക പോസ്റ്റ് വഴിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
അറസ്റ്റിലായ ആക്ടിവിസ്റ്റുകളെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേലിൽ നിന്ന് തിരികെ കൊണ്ടുവരുമെന്നും മന്ത്രാലയം അറിയിച്ചു. നാടുകടത്തൽ രേഖകളിൽ ഒപ്പിടാൻ വിസമ്മതിക്കുന്നവരെ ഇസ്രായേൽ നിയമപ്രകാരം ജുഡീഷ്യൽ അധികാരികൾക്ക് മുന്നിൽ ഹാജരാക്കുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അവരെ കാണാൻ വിമാനത്താവളത്തിൽ എത്തിയതായും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മാഡ്‌ലീന്‍ ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ഇസ്രയേലിലെ അഷ്‌ദോദ് തുറമുഖത്തേക്ക് കൊണ്ടുപോയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ സ്വീഡിഷ് കാലാവസ്ഥാ പ്രചാരണ പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗിന്റെ ഫോട്ടോ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തു വിടുകയും ചെയ്തിരുന്നു.
ഗ്രെറ്റയുൾപ്പെടെയുളള പതിനൊന്ന് യാത്രക്കാർ വൈദ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം തന്നെ അറിയിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.

