ടെൽ അവിവ്: ഇറാന്റെ ശക്തമായ തിരിച്ചടിയിൽ തകര്‍ന്ന കെട്ടിടങ്ങളുടെയും മറ്റ് നാശ നഷ്ടങ്ങളുടെയും കണക്കുകള്‍ പുറത്തുവിട്ട് ഇസ്രയേല്‍. 40,000-ത്തിലധികം വീടുകളും ബിസിനസുകളും തകർന്നെന്നാണ് കണക്ക്. ഹൈഫയില്‍ നടന്ന ആക്രമണത്തില്‍ ഒരു പള്ളിയും ചര്‍ച്ചും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.10,600ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഹൈഫയിലെ ഇസ്രായേലിന്റെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇറാൻ മുമ്പ് ആക്രമിച്ചിരുന്നു.
തെരുവുകളും കെട്ടിടങ്ങളും തകര്‍ന്നതിനാല്‍ പലരുടെയും ഉപജീവനം പ്രതിസന്ധിയിലായി. കടകൾ അടഞ്ഞുകിടക്കുന്നു. ശമ്പളം ഇല്ലാതായി. വീടുകൾ വാസയോഗ്യമല്ലാതായി. സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്നവരെ ഒന്നുകൂടി ഞെരുക്കുന്നതാണിത്. ആള്‍നാശവും പരിക്കുകളും മാത്രമല്ല, ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയോടും പ്രാദേശിക അധികാരികള്‍ പ്രതികരിക്കാൻ നിർബന്ധിതരാകുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ സംഭാവന നല്‍കണമെന്നാവശ്യപ്പെട്ട് ഇസ്രയേലി സന്നദ്ധ സംഘടനയായ ‘ഓജെന്‍’ ധനസമാഹരണം തുടങ്ങി. തുടക്കത്തില്‍ 100 മില്യണ്‍ ഇസ്രായേല്‍ ഷെക്കേല്‍ സമഹാരിച്ച് സഹായമെത്തിക്കാനാണ് ‘ഓജെന്‍’ ശ്രമം. യുദ്ധത്തില്‍ കൂടുതല്‍ നാശനഷ്ടം നേരിട്ട വീടുകള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും ഉടനടി സഹായം നല്‍കുമെന്ന് ഇവര്‍ പറയുന്നു.
ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ സാമ്പത്തികമായി വീണ്ടെടുക്കുന്ന പ്രക്രിയ ഒറ്റരാത്രികൊണ്ട് സംഭവിക്കില്ലെന്നും എന്നാൽ ഇപ്പോഴെ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നാശനഷ്ടങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് ‘ഓജെന്‍’ വിലയിരുത്തുന്നത്. ജൂണ്‍ 13ന് ഇസ്രയേല്‍ നടത്തിയ ഓപറേഷന്‍ റൈസിങ് ലയണിന് മറുപടിയായി ഇസ്രയേലിലുടനീളമുള്ള നഗരങ്ങളില്‍ ദിവസവും ഇറാന്‍ മിസൈല്‍ ആക്രമണം വിതച്ചത്. പ്രതിരോധസംവിധാനങ്ങളെയൊക്കെ നിഷ്പ്രഭമാക്കിയ ആക്രമണത്തിൽ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു ഇസ്രായേൽ ജനത.
സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങളെല്ലാമെന്നും ഇത് യുദ്ധകുറ്റകൃത്യമാണെന്നും ഇസ്രയേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ പറഞ്ഞിരുന്നു. നേരത്തെ ക്ലസ്റ്റർ ബോബുകളുടെ നിരോധനം ലോക രാജ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ കരാറിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ച രാജ്യമാണ് ഇസ്രയേൽ. അന്ന് ഇറാനും കരാറിനെ എതിർത്തിരുന്നു.

