ഇന്ത്യാ സഖ്യത്തിന് വൻ തിരിച്ചടി; ആം ആദ്മി പാർട്ടി മുന്നണി വിട്ടു; രാഹുൽ ഗാന്ധി പറയുന്നതെല്ലാം നരേന്ദ്രമോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കാര്യങ്ങളെന്നും വിമർശനം

0

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് വൻ തിരിച്ചടി. ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യത്തിൽ നിന്നും പിന്മാറി. ബിജെപിയുമായി കോൺ​ഗ്രസ് രഹസ്യധാരണയിലാണ് പ്രവർത്തിക്കുന്നത് എന്നതുൾപ്പെടെ ​ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യത്തിൽ നിന്നും പിന്മാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയുന്ന കാര്യങ്ങളാണ് രാഹുൽ ​ഗാന്ധി പറയുന്നതെന്നും ആം ആദ്മി ആരോപിക്കുന്നു.

2024 ൽ ലോക്‌സാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു കോൺ​ഗ്രസുമായി പാർട്ടി സഖ്യത്തിലേർപ്പെട്ടത് എന്നാണ് ആം ആദ്മി പാർട്ടി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കിയിരിക്കുന്നത്. എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അനുരാഗ് ദണ്ഡ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയുന്നത് മാത്രമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറയുന്നതെന്ന് അനുരാഗ് ദണ്ഡ പറഞ്ഞു. ഇതിന് പകരമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കേസുകളിൽപ്പെടാതെ മോദി രക്ഷിച്ചെടുക്കുകയാണെന്നും അനുരാഗ് ദണ്ഡ പറഞ്ഞു. ഈ നിലയിൽ രഹസ്യധാരണവെച്ച് പുലർത്തുന്ന കോൺഗ്രസുമായി ഇനി സഖ്യം വേണ്ട എന്നാണ് നിലപാടെന്നും അനുരാഗ് ദണ്ഡ വ്യക്തമാക്കി.

പ്രത്യേക പാർലമെന്ററി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിലെ എംപിമാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരുന്നു. ഡൽഹിയിൽ യോഗം ചേർന്ന് തീരുമാനിച്ച ശേഷമായിരുന്നു കത്ത് നൽകിയത്. ഈ യോഗത്തിൽ നിന്ന് ആംആദ്മി നേതാക്കൾ വിട്ടുനിന്നിരുന്നു. ആവശ്യം ഉന്നയിച്ച് സ്വന്തം നിലയ്ക്ക് കത്ത് നൽകുമെന്നായിരുന്നു ആംആദ്മി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസുമായി ഒത്തുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി ആംആദ്മി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തേ ഡൽഹി, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആംആദ്മി ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ ആരോപണപ്രത്യാരോപണങ്ങൾ വാർത്തയിൽ ഇടംപിടിച്ചിരുന്നു. ദേശീയതലത്തിൽ ഇന്ത്യാ മുന്നണിക്കൊപ്പം നിൽക്കുകയും ഡൽഹി തിരഞ്ഞെടുപ്പിൽ മുന്നണിയിലെ മുഖ്യ കക്ഷിയായ കോൺഗ്രസിനെ തള്ളിപ്പറയുകയും ചെയ്ത അരവിന്ദ് കെജ്‌രിവാളിന്റെ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ കോൺഗ്രസിനെതിരെ അരവിന്ദ് കെജ്‌രിവാൾ ആരോപണങ്ങൾ തുടർന്നു. തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും ആംആദ്മിക്കും കനത്ത തിരിച്ചടി നൽകിയിരുന്നു. വരുന്ന ബിഹാർ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ആംആദ്മിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here