കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആർബിഐ പിഴ ചുമത്തിയത് 353 ബാങ്കുകൾക്ക്; കണക്കുകൾ പുറത്ത്

0

ഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ 353 ധനകാര്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി റിപ്പോർട്ട്. ആർബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്ക് ആകെ 54.78 കോടി രൂപയാണ് പിഴ ചുമത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. റിസർവ് ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ ആണ് പിഴ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം പുറത്തു വന്ന കണക്കുകൾ പ്രകാരം റിസർവ് ബാങ്ക് ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത് സഹകരണ ബാങ്കുകൾക്കാണ്. 264 സഹകരണ ബാങ്കുകൾക്കെതിരെയാണ് കഴി‍ഞ്ഞ വർഷം ആർബിഐ പിഴ ചുമത്തിയത്. 15.63 കോടി രൂപയാണ് സഹകരണ ബാങ്കുകൾ പിഴയിനത്തിൽ കെട്ടിവെച്ചത്. 37 എൻ‌ബി‌എഫ്‌സികൾക്കും എ‌ആർ‌സികൾക്കുമെതിരെ സെൻ‌ട്രൽ ബാങ്ക് നടപടി സ്വീകരിച്ചിട്ടുള്ളത്. 7.29 കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ പിഴ നൽകിയത്. 13 ഭവന ധനകാര്യ കമ്പനികൾ 83 ലക്ഷം രൂപ പിഴ നൽകേണ്ടി വന്നിട്ടുണ്ട് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വാണിജ്യ ബാങ്കുകളിൽ എട്ട് പൊതുമേഖലാ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്.  11.11 കോടി രൂപയാണ് പൊതുമേഖല ബാങ്കുകൾ നൽകിയത്. കൂടാതെ 15 സ്വകാര്യ ബാങ്കുകൾക്ക് 14.8 കോടി രൂപ പിഴയും ആർബിഐ ചുമത്തിയിട്ടുണ്ട്. ആറ് വിദേശ ബാങ്കുകൾക്കും ഈ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് പിഴ ചുമത്തിയതായി ആർബിഐയുടെ കണക്കുകളിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here