ഓപ്പറേഷന്‍ സിന്ദൂര്‍: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് 16 പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

0

ന്യൂഡെല്‍ഹി: പാകിസ്ഥാനെതിരായ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് 16 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ചൊവ്വാഴ്ച ഡെല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഇന്ത്യാ മുന്നണി പാര്‍ട്ടികള്‍ കത്ത് നല്‍കിയത്.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, ശിവസേന (യുബിടി) എന്നിവയുള്‍പ്പെടെ നിരവധി പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തയച്ച കത്തില്‍ ഇന്ത്യാ ബ്ലോക്ക് എംപിമാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, ദീപേന്ദ്ര ഹൂഡ, ടിഎംസി നേതാവ് ഡെറക് ഒബ്രയാന്‍, എസ്പിയുടെ രാംഗോപാല്‍ യാദവ്, ആര്‍ജെഡിയുടെ മനോജ് ഝാ, ശിവസേനയുടെ (യുബിടി) സഞ്ജയ് റാവത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഡിഎംകെ, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐ(എം), ഐയുഎംഎല്‍, സിപിഐ, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ), കേരള കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഐ(എംഎല്‍) ലിബറേഷന്‍ എന്നിവയും കത്തില്‍ ഒപ്പുവച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി (എഎപി) യോഗത്തില്‍ പങ്കെടുത്തില്ല. പക്ഷേ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേകം കത്ത് എഴുതും.

അതേസമയം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here