നാലുവയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചു; യുവതി അറസ്റ്റിൽ

0

വാളയാർ: നാലുവയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. വാളയാർ മംഗലത്താൻചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണു സംഭവം. ഒരാൾ പൊക്കത്തിൽ വെള്ളമുള്ള കിണറ്റിലേക്കാണ് ശ്വേത കുട്ടിയെ എറിഞ്ഞത്. എന്നാൽ, കുട്ടി അദ്ഭുതകരമായി മോട്ടർ പൈപ്പിൽ തൂങ്ങിക്കിടന്നു.

കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികൾ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി. പ്രദേശവാസികൾ അറിയിച്ചതനുസരിച്ചാണ് പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തത്. 15 താഴ്ച്ചയുള്ള കിണറ്റിലേക്കെറിഞ്ഞ കുഞ്ഞാണ് അത്ഭുതകരമായി രക്ഷപെട്ടത്.

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയാണ് ശ്വേത. യുവതി തമിഴ്നാട് സ്വദേശിയുമായി ബന്ധത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്തിയാലേ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്നും പൊലീസ് പറഞ്ഞു.

വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും തുടരന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് ശ്വേതക്കെതിരെ കേസെടുത്ത്. മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കിയ യു‌വതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here