തിരുവനന്തപുരം: ഐപിഎസ് ഉന്നതരുടെ സ്ഥലം മാറ്റത്തിൽ വീണ്ടും മാറ്റം. ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റിയ ബൽറാം കുമാർ ഉപാധ്യായയെ തിരികെ നിയമിച്ചു. എക്സൈസ് കമ്മീഷണറായുള്ള എം.ആർ അജിത് കുമാറിൻ്റെ സ്ഥലം മാറ്റവും റദ്ദാക്കി. ബറ്റാലിയൻ എഡിജിപിയുടെ ചുമതല നൽകിയതോടെ അജിത് കുമാർ പൊലീസിൽ തന്നെ തത്കാലം തുടരും. കഴിഞ്ഞ പ്രാവശ്യം ഇറക്കിയ ഉത്തരവിൽ ഐജിമാർ അതൃപ്‌തി പ്രകടിപ്പിച്ചതോടെയായിരുന്നു പുതിയ തീരുമാനം. എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവിനെ തിരികെ നിയമിച്ചു. ക്രൈം ബ്രാഞ്ചിൻ്റെ അധിക ചുമതല എച്ച് വെങ്കിടേശിന് വീണ്ടും നൽകി.
സൈബർ ഓപ്പറേഷൻ്റെ ചുമതലയിൽ എസ് ശ്രീജിത്തിനെ തിരികെ നിയമിച്ചു. ജയിൽ മേധാവിയായി നിയമിക്കപ്പെട്ട സേതുരാമൻ പൊലീസ് അക്കാദമിയിൽ തുടരും. കോസ്റ്റൽ സെക്യൂരിറ്റിയുടെ ചുമതല ഐജി അക്‌ബറിനും സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ചുമതല ഐ.ജി പി.പ്രകാശിനും നൽകി. സ്ഥലം മാറ്റപ്പെട്ടവർ പരാതി അറിയിച്ചതോടെയാണ് അസാധാരണ തിരുത്ത്. വിജിലൻസ് ഡയറക്ടർ ഒഴിച്ചുള്ള എല്ലാ സ്ഥലമാറ്റങ്ങളും ഇതോടെ നിർത്തിവെച്ചു. ഉദ്യോഗസ്ഥർ പരാതി അറിയിച്ചതോടെയെന്ന് സർക്കാരിന്റെ അസാധാരണ നീക്കം.

