വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ലിയോ പതിന്നാലാമനെ മാർപാപ്പയായി ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങ് ഇന്നു നടക്കും. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയ്ക്ക്( പ്രാദേശികസമയം രാവിലെ പത്തിന്) വാഴിക്കൽ ചടങ്ങുകൾ ആരംഭിക്കും. അധികാരചിഹ്നങ്ങളായ മുക്കുവന്റെ മോതിരവും പാലിയവും അണിയിക്കലും ഉൾപ്പെടെയുള്ള ചടങ്ങുകൾ പൂർത്തിയാകാൻ രണ്ടു മണിക്കൂറോളം സമയമെടുക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും. അമേരിക്കയിലെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും , സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി, ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോക് തുടങ്ങിയവരും എത്തും.കത്തോലിക്ക സഭയുടെ 267ാം മാർപ്പാപ്പയായ ലിയോ പതിനാലാമൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയാണ്.
സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിലാണ് ചടങ്ങുകളുടെ ആരംഭം. ബസിലിക്കയുടെ അടിയിലുള്ള വിശുദ്ധപത്രോസിന്റെ ശവകുടീരം, പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം മാർപാപ്പ സന്ദർശിക്കും. അവിടെ പ്രാർഥന. റോമിലെ ബിഷപ്പും (ലിയോ പതിന്നാലാമൻ മാർപാപ്പ) ആദ്യ മാർപാപ്പയായ പത്രോസും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണിത്.
തുടർന്ന് രണ്ട് ഡീക്കന്മാർ പാലിയം, മുക്കുവന്റെ മോതിരം, ബൈബിൾ എന്നിവയേന്തി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നിൽ ഒരുക്കിയിരിക്കുന്ന അൾത്താരയിലേക്ക് പോകും. ഇവിടെയാണ് പാലിയവും മുക്കുവന്റെ മോതിരവും അണിയിക്കൽ ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ.
സുവിശേഷവായനയ്ക്കുശേഷം ലിയോ പതിന്നാലാമനെ മാർപാപ്പയുടെ സ്ഥാനചിഹ്നങ്ങൾ അണിയിക്കും. മൂന്ന് ഭൂഖണ്ഡങ്ങളിൽനിന്നുള്ള ഓരോ കർദിനാൾമാരാണ് ഇത് നിർവഹിക്കുക. ആദ്യത്തെയാൾ ലിയോ പതിന്നാലാമനെ പാലിയം അണിയിക്കും. രണ്ടാമത്തെയാൾ, മാർപാപ്പയ്ക്ക് ദൈവികസഹായം തേടുന്ന പ്രാർഥന ചൊല്ലും. മൂന്നാംകർദിനാൾ പ്രാർഥനനടത്തി മുക്കുവന്റെ മോതിരം അണിയിക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളുടെ പ്രതിനിധികളായി 12 പേർ മാർപാപ്പയോട് കൂറുപ്രഖ്യാപിക്കും.
മോതിരത്തിൽ വി. പത്രോസ് വഞ്ചിയിലിരുന്ന് വലവീശുന്ന ചിത്രവും, പാപ്പയുടെ പേരുമുണ്ടാകും. ആദ്യ മാർപാപ്പയായ വി. പത്രോസ് മുക്കുവനായിരുന്നു. അതുകൊണ്ടാണ് ‘മുക്കുവന്റെ മോതിരം’ എന്ന് പേര്. മാർപാപ്പ ദിവംഗതനായാലോ സ്ഥാനത്യാഗംചെയ്താലോ മോതിരം നശിപ്പിച്ചുകളയും.ഓരോ മാർപാപ്പയ്ക്കും വേണ്ടി പുതിയതുണ്ടാക്കും. പരമ്പരാഗതമായി സ്വർണത്തിലാണ് ഇത് പണിയുക. വെള്ളിയിലുണ്ടാക്കി സ്വർണംപൂശാറുമുണ്ട്. ബെനഡിക്‌ട് പതിനാറാമൻ പാപ്പ സ്വർണമോതിരമാണ് അണിഞ്ഞത്. എന്നാൽ, ഫ്രാൻസിസ് പാപ്പ സ്വർണംപൂശിയ വെള്ളിമോതിരമാണ് തിരഞ്ഞെടുത്തത്.
കഴുത്തിനുചുറ്റും അണിയുന്ന വെളുത്തതുണിയാണ് പാലിയം. ഇത് മാർപാപ്പയുടെ അധികാരത്തെയും ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. ദിവ്യബലിയർപ്പിക്കുമ്പോൾ അണിയുന്ന തിരുവസ്ത്രത്തിന് മുകളിലായാണ് പാലിയം ധരിക്കുന്നത്. ക്രിസ്തുവിന്റെ അഞ്ച് തിരുമുറിവുകളെ സൂചിപ്പിച്ച് അഞ്ച് കുരിശുകൾ പാലിയത്തിലുണ്ടാകും. യേശു എന്ന നല്ലയിടയനെയാണ് ഈ വസ്ത്രം ഓർമിപ്പിക്കുന്നത്.
കുഞ്ഞാടുകളുടെ രോമംകൊണ്ടാണ് പാലിയം നെയ്യുന്നത്. ഓരോവർഷവും സെയ്ന്റ് ആഗ്‌നസിന്റെ തിരുനാളിൽ ട്രെ ഫൊണ്ടെയ്നിൽനിന്ന് രണ്ട് കുഞ്ഞാടുകളെ റോമിലെ സെയ്ന്റ് ആഗ്‌നസ് ബസിലിക്കയിലെത്തിക്കും. വി. പൗലോസ് രക്തസാക്ഷിത്വംവരിച്ചയിടമാണ് ട്രെ ഫൊണ്ടെയ്ൻ എന്നാണ് വിശ്വാസം. ബസിലിക്കയിൽ കുഞ്ഞാടുകളെ ആശീർവദിക്കും. അതുകഴിഞ്ഞ് മാർപാപ്പയ്ക്ക് സമ്മാനിക്കും. ട്രസ്റ്റീവെരെയിലെ സെയ്ന്റ് സെസിലിയ ബസിലിക്കയിലെ ബെനഡിക്റ്റൈൻ കന്യാസ്ത്രീകൾക്കാണ് ഇവയുടെ പരിപാലനച്ചുമതല. ഈസ്റ്ററിന് തൊട്ടുമുൻപ് ഇവയുടെ രോമം കത്രിക്കും. അതുപയോഗിച്ചാണ് പാലിയം തയ്യാറാക്കുക. പുതുതായി നിയമിതരാകുന്ന ആർച്ച്ബിഷപ്പുമാർക്കുള്ള പാലിയമുണ്ടാക്കുന്നതും ഇതിൽനിന്നാണ്.
അഗസ്റ്റീനിയൻസഭയുടെ പാരമ്പര്യത്തിലൂന്നിയ മുദ്രയാണ് (കോട്ട് ഓഫ് ആംസ്) ലിയോ പതിന്നാലാമൻ തിരഞ്ഞെടുത്തത്. സഭയ്ക്കുള്ളിലെ ഐക്യവും ഒരുമയുംകൂടി സൂചിപ്പിക്കുന്നു അത്. ഒരുകോണിൽനിന്ന് മറ്റേകോണിലേക്ക് വരച്ച രേഖകൊണ്ട് പരിചയെ വിഭജിച്ചിരിക്കുന്നു. മുകൾഭാഗത്ത് നീലപശ്ചാത്തലത്തിൽ വെള്ള ലില്ലിപ്പൂവ്. കീഴ്‌പാതിയിൽ അടച്ചപുസ്തകത്തിനുമേലുള്ള ഹൃദയത്തെ തുളയ്ക്കുന്ന അമ്പ്. വി. അഗസ്റ്റിൻ തന്റെ ദൈവദർശനത്തെക്കുറിച്ച് പറഞ്ഞ വാക്യമാണ് (‘‘വചനത്താൽ അവിടുന്നെന്റെ ഹൃദയം തുളച്ചു’’) ഇതിന്റെ പശ്ചാത്തലം. മാർപാപ്പയുടെ ആപ്തവാക്യത്തിലും അഗസ്റ്റീനിയൻ പാരമ്പര്യം പ്രതിഫലിക്കുന്നു. ‘ആ ഒന്നിൽ നാമൊന്ന്’ എന്നർഥം വരുന്ന ലാറ്റിൻ വാചകമാണത്. 127-ാം സങ്കീർത്തനത്തെക്കുറിച്ചുള്ള വി. അഗസ്റ്റിന്റെ ദർശനത്തിൽനിന്നാണ് (‘‘നാം ക്രിസ്ത്യാനികൾ ഒട്ടേറെയുണ്ടെങ്കിലും, ക്രിസ്തുവിൽ നാം ഒന്നാണ്’’) ഇത് സ്വീകരിച്ചിരിക്കുന്നത്.
ആഗോള കത്തോലിക്കാസഭയുടെ തലവനായി മേയ് എട്ടിനാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ തെരഞ്ഞെടുത്തത്. തുടർന്ന് അദ്ദേഹം ലിയോ പതിന്നാലാമൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

