റിയാദ്: റിയാദിൽ നടത്തിയ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രീയ വിജയകരം. എരിത്രിയൻ സയാമീസ് ഇരട്ടകളായ അസ്മയുടെയും സുമയ്യയുടെയും വേർപ്പെടുത്തൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലാണ് ശസ്ത്രക്രീയ നടത്തിയത്. പതിനഞ്ചര മണിക്കൂർ നീണ്ടുനിന്ന അതിസൂക്ഷ്മമായ ശസ്ത്രക്രിയയാണ് തല ഒട്ടിപ്പിടിച്ച നിലയിലുണ്ടായിരുന്ന കുരുന്നുകൾക്ക് നടത്തിയത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണമാണ് വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തിയതെന്ന് വൈദ്യസംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയ സംഘം
രണ്ട് വയസുള്ള കുഞ്ഞുങ്ങൾ തല ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. ടെക്നിക്കൽ നഴ്സിങ് സ്റ്റാഫിൻറ പിന്തുണയോടെ മെഡിക്കൽ കൺസൾട്ടൻറുമാരും സ്പെഷ്യലിസ്റ്റുകളും 36 അംഗ വൈദ്യ സംഘം അനസ്തേഷ്യ, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി എന്നീ ഘട്ടങ്ങളിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. കൃത്യമായ ആസൂത്രണവും ഉയർന്ന തലത്തിലുള്ള സുരക്ഷയും ഉറപ്പാക്കാൻ ന്യൂറോ സർജിക്കൽ നാവിഗേഷനും ഒരു സർജിക്കൽ മൈക്രോസ്കോപ്പും ഉപയോഗിച്ചതായും അൽ റബീഅ പറഞ്ഞു.
സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള സൗദി ദേശീയ പദ്ധതിക്ക് കീഴിൽ നടക്കുന്ന 64ാമത്തെ ശസ്ത്രക്രിയ ആണിത്. ലോകമെമ്പാടും 27 രാജ്യങ്ങളിൽനിന്നുള്ള സയാമീസുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 35 വർഷത്തിനിടെ 149 ഇരട്ടകളെയാണ് റിയാദിലെത്തിച്ച് പരിചരിച്ചത്. അതിലാണ് 64 ശസ്ത്രക്രിയകൾ നടത്തിയതെന്നും അൽറബീഅ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതിനും ആവശ്യമായ ചികിത്സ നൽകിയതിനും അസ്മയുടെയും സുമയ്യയുടെയും എരിത്രിയൻ മാതാപിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദിയും കടപ്പാടും അറിയിച്ചു. സൗദിയുടെ മഹത്തായ മാനുഷിക പ്രവർത്തനത്തെ അവർ പ്രശംസിച്ചു.
റിയാദിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും അവർ നന്ദി പറഞ്ഞു. വേർപ്പെടുത്തൽ ശസ്ത്രക്രിയ സാധ്യതാ പരിശോധനക്കായി 2023 ഡിസംബറിലാണ് ഇരട്ടകളെ എരിത്രിയയിലെ അസ്മറ പട്ടണത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്.

