ഗാസ സിറ്റി: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഇസ്രയേൽ ഗാസയിൽ ആരംഭിച്ച പുതിയ സൈനികനടപടിയായ ‘ഗിദയോൻ ചാരിയറ്റി’ൽ ഓരോ ദിവസവും നൂറുകണക്കിന് പലസ്തീനികളാണ് കൊല്ലപ്പെടുന്നത്. ശനിയാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തിൽ മാത്രം 103 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ മുപ്പതോളം കുട്ടികളും ഉൾപ്പെടും. വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ ഇവിടത്തെ പ്രധാന ആശുപത്രിയായ ഇൻഡൊനീഷ്യൻ ഹോസ്പിറ്റൽ അടച്ചുപൂട്ടി. വടക്കൻ ഗാസയിൽ അവശേഷിച്ചിരുന്ന പ്രധാന ആരോഗ്യകേന്ദ്രമാണ് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നത്.
ഖാൻ യൂനുസിലും സമീപപ്രദേശത്തുമായിനടന്ന വ്യോമാക്രമണങ്ങളിൽ മാത്രം രണ്ടുദിവസത്തിനിടയിൽ 48 പേരാണ് മരിച്ചത്. ജബലിയ അഭയാർഥിക്യാമ്പിലുണ്ടായ രണ്ടാക്രമണങ്ങളിലായി 19 പേരും മരിച്ചു. അതേസമയം, ഹമാസിനുനേരേയാണ് ആക്രമണമെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഹമാസ് ഭീകരർ സാധാരണക്കാർ പാർക്കുന്നയിടങ്ങളിൽ തങ്ങുന്നതാണ് ഇത്രയധികം മരണങ്ങൾക്കിടയാക്കുന്നതെന്നും അവകാശപ്പെട്ടു.
ഗാസയുടെ തെക്കുഭാഗത്തേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചശേഷം പ്രദേശത്തിന്റെയും സഹായവിതരണത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയാണ് ‘ഓപ്പറേഷൻ ഗിദയോൻ ചാരിയറ്റി’ന്റെ ലക്ഷ്യം. അതേസമയം, ഇസ്രയേലും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം വീണ്ടും കനത്തു. ഞായറാഴ്ച ഹൂതികളയച്ച മിസൈൽ തടഞ്ഞെന്ന് ഇസ്രയേൽ അറിയിച്ചു. ടെൽ അവീവിലെ വിമാനത്താവളം ലക്ഷ്യമാക്കി ഒരു ശബ്ദാതിവേഗ മിസൈലുൾപ്പെടെ രണ്ട് മിസൈൽ അയച്ചതായും ആക്രമണം ലക്ഷ്യം കണ്ടതായും വിമതർ അവകാശപ്പെട്ടു.

