റയിൽവെയിൽ ഇനി സുരക്ഷ പ്രധാനം; റയിൽപാളങ്ങൾക്ക് ഇരുവശവും സുരക്ഷാവേലിയും വരുന്നു

0

കോട്ടയം: കഴിഞ്ഞ കുറേക്കാലമായി ഇന്ത്യൻ റയിൽവെ മാറ്റത്തിന്റെ ട്രാക്കിലൂടെയാണ് കുതിക്കുന്നത്. ശുചുമുറിയുടെ ആധുനികവത്ക്കരണം മുതൽ അതിവേ​ഗ ട്രെയിൻ വരെയുള്ള മാറ്റങ്ങൾ റയിൽവെ നടപ്പാക്കി. റയിൽവെ സ്റ്റേഷനുകളുടെ നവീകരണവും പാത ഇരട്ടിപ്പിക്കലുമൊക്കെ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ, ഇന്ത്യൻ റയിൽവെ റയിൽപാളങ്ങൾക്ക് ഇരുവശവും സുരക്ഷാവേലി സ്ഥാപിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ആദ്യഘട്ടത്തിൽ പോത്തന്നൂർ മുതൽ മംഗളൂരു വരെയാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്. 530 കിലോമീറ്റർ ദൂരം വേലി നിർമ്മിക്കാനായി 320 കോടി രൂപയും അനുവദിച്ചു. ട്രെയിനുകളുടെ വേ​ഗത മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക് ഉയർത്തുമ്പോൾ സുരക്ഷയുടെ ഭാഗമായിട്ടാണ് വേലി നിർമിക്കുന്നത്. നിലവിൽ പാലക്കാട് ഡിവിഷനിലെ എട്ട്‌ സെക്ഷനുകളിലാണ് നിർമാണം നടക്കുന്നത്.

കന്നുകാലികളടക്കം പാളത്തിൽ കയറി ഇടിച്ചാൽ വന്ദേഭാരത് ട്രെയിനുകളുടെ സുരക്ഷയെ ബാധിക്കുമെന്ന് സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ടുണ്ടായിരുന്നു. വന്ദേഭാരത് തീവണ്ടി 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ദക്ഷിണ റെയിൽവേയിലെ മേഖലകളിലെല്ലാം സുരക്ഷാവേലി സ്ഥാപിക്കുന്നുണ്ട്.

ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററായി ഉയർത്തുന്നതിന്റെ ഭാഗമായി സുരക്ഷയ്ക്ക് പാളങ്ങളിൽ മൂന്നാം സിഗ്നൽ സ്ഥാപിച്ചുവരികയാണ്. ട്രെയിൻ സ്റ്റേഷനിൽ പ്രവേശിക്കുംമുൻപ്‌ അടയാളം നൽകാൻ നിലവിൽ രണ്ട് സിഗ്നൽ പോസ്റ്റുണ്ട്. അതിനുപുറമെ ഒരു സിഗ്നൽ സംവിധാനംകൂടി വരും. സ്റ്റേഷനിലേക്കുള്ള ട്രെയിനുകളുടെ വരവിനും പോക്കിനും വേഗം കൂടും.

LEAVE A REPLY

Please enter your comment!
Please enter your name here