പത്തനംത്തിട്ട: പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർത്ഥി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവത്തിൽ അക്ഷയ കേന്ദ്രം ജീവനക്കാരി കസ്റ്റഡിയിൽ. സംഭവത്തിൽ തിരുപുറം സ്വദേശിനിയായ ഗ്രീഷ്മയെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട പൊലിസ് സ്ഥാപനത്തിൽ ഉടൻ പരിശോധന നടത്തും. ഗ്രീഷ്മ ജോലിക്കെത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളതെന്ന് അക്ഷയ കേന്ദ്രം ഉടമ സത്യദാസ് പറഞ്ഞു.
തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർത്ഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഉടൻ പൊലീസിൽ പരാതി നൽകി. വ്യാജ ഹാൾ ടിക്കറ്റമായി വന്ന വിദ്യാർത്ഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, ചോദ്യം ചെയ്യലിൽ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റർ ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് നൽകിയതെന്ന ഇവർ മൊഴി നൽകിയത്. പാറശാല സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മ നെയ്യാറ്റിൻകരയിലെ അക്ഷയ സെൻറർ ജീവനക്കാരിയെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ചുമതലപ്പെടുത്തിയതെന്നാണ് മൊഴിയെന്ന് പത്തനംതിട്ട ഡിവൈഎസ്‍പി ബിനു വര്‍ഗീസ് പറഞ്ഞു. എന്നാൽ, അവർ പരീക്ഷയ്ക്ക് അപേക്ഷിച്ചില്ല. മറന്നു പോയതാകാമെന്നാണ് നിഗമനം. അക്ഷയ സെന്‍റര്‍ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കേസിൽ ദുരുഹത നീങ്ങുവെന്ന് ഡിവൈഎസ്‍പി വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥിയാണ് വ്യാജ ഹാൾടിക്കറ്റുമായി എത്തിയത്. വിദ്യാർത്ഥിക്ക് എതിരെ പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. 500 നഗരങ്ങളില്‍ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാര്‍ഥികള്‍ ഇന്നലെ നീറ്റ് പരീക്ഷയെഴുതി. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലായിരുന്നു പരീക്ഷാകേന്ദ്രങ്ങൾ.

