ഇംത്യാസ് അഹമ്മദിനെ കസ്റ്റഡിയിലെടുത്തത് ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന്; സുരക്ഷാ സേനയുടെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച യുവാവ് നദിയിൽ മുങ്ങിമരിച്ചു

0

ന്യൂഡൽഹി: ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് സുരക്ഷാ സേനയുടെ പിടിയിലായ യുവാവ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നദിയിൽ മുങ്ങി മരിച്ചു. ഇംത്യാസ് അഹമ്മദ് മഗ്രേ എന്ന ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന്റെ പേരിലായിരുന്നു ഇയാളെ സുരക്ഷാസേന പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഭീകരരുടെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാൾ പൊലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു. പാറക്കെട്ടിനു മുകളിൽനിന്നും ഇയാൾ നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ശനിയാഴ്ചയാണ് മഗ്രേയെ പൊലീസ് പിടികൂടിയത്. കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നൽകിയതായി ഇയാൾ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ഭീകരരുടെ ഒളിത്താവളം കാണിച്ചു തരാമെന്നും ഇയാൾ സുരക്ഷാ ഉദ്യോ​ഗസ്ഥരോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടാങ്മാർഗിലെ വനത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാൾ ര​ക്ഷപെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെഷാവ് നദിയിലേക്ക് ചാടിയ ഇംത്യാസ്, നീന്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ശക്തമായ അടിയൊഴുക്കിനെ തുടർന്നു മുങ്ങിത്താഴുകയായിരുന്നു.

സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക വിമർശനമുണ്ട്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ഇംത്യാസിന്റെ മരണത്തിൽ ഗുഢാലോചനയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി.‘‘കുൽഗാമിലെ നദിയിൽനിന്നു മറ്റൊരു മൃതദേഹം കണ്ടെടുത്തു, ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. രണ്ടു ദിവസം മുൻപ് ഇംത്യാസ് മഗ്രേയെ സൈന്യം പിടികൂടിയതായും ഇപ്പോൾ ദുരൂഹസാഹചര്യത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം നദിയിൽ കണ്ടെത്തിയതായും പ്രദേശവാസികൾ ആരോപിക്കുന്നു.’’– മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് സുരക്ഷാ സേന വൃത്തങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here