കേരളത്തിലെ വന്ദേ ഭാരതിന് പുതിയ സ്റ്റോപ്പ്; നേട്ടം ഈ മൂന്ന് ജില്ലക്കാര്‍ക്ക്

0

കൊച്ചി: കേരളത്തില്‍ വന്ദേ ഭാരതിന് പുതിയ സ്റ്റോപ്പിനുള്ള സാധ്യത തെളിയുന്നു. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരതിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. സെമി ഹൈസ്പീഡ് ട്രെയിനിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കുകയാണെങ്കില്‍ മൂന്ന് ജില്ലകള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക. ആലപ്പുഴ, കൊല്ലം ജില്ലകള്‍ക്ക് ഭാഗികമായും പത്തനംതിട്ട ജില്ലയ്ക്ക് മുഴുവനായും ഈ സ്റ്റോപ്പ് ഉപകാരപ്രദമാകും.

കേരളത്തില്‍ അതിവേഗ യാത്രയുടെ പര്യായം നിലവില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് തന്നെയാണ്. ആര്‍ക്കാണിത്ര വേഗം പോകേണ്ടതെന്ന ചോദ്യത്തിന് ലഭിച്ച മറുപടിയാണ് സംസ്ഥാനത്തിലൂടെ സര്‍വീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസുകളിലെയും തിരക്ക്. കോച്ചുകളുടെ എണ്ണം ഉയര്‍ത്തിയിട്ടും വന്ദേ ഭാരതില്‍ ടിക്കറ്റ് കിട്ടാനില്ലെന്നത് മലയാളികള്‍ ഈ സര്‍വീസ് ഏറ്റെടുത്തതിന്റെ തെളിവാണ്. കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും വേഗത ഉയര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ ട്രാക്കുകള്‍ ഒരുക്കണമെന്നും ആവശ്യം ഉയരുന്നതിനിടെ വന്ദേ ഭാരതിന് പുതിയ സ്റ്റോപ്പിനുള്ള സാധ്യത തെളിയുന്നത്. 

ആലപ്പുഴ വഴി കടന്നു പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം കൊടിക്കുന്നില്‍ സുരേഷ് എംപി കഴിഞ്ഞദിവസം തിരുവനന്തപുരത്തെ റെയില്‍വേ ഡിവിഷനല്‍ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉന്നയിച്ചിരുന്നു. സ്റ്റോപ്പിന്റെ ആവശ്യകതയും അത് എത്രത്തോളം ഉപകാരപ്പെടുമെന്നും എംപി റെയില്‍വേ അധികൃതരെ ധരിപ്പിച്ചു.

തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരതിന് കായംകുളത്ത് സ്റ്റോപ്പെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) അധിക സ്റ്റോപ്പിന്റെ സാധ്യത പരിശോധിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ടും ഉണ്ട്. സ്റ്റോപ്പ് അനുവദിക്കപ്പെട്ടാല്‍ കായംകുളത്തുകാര്‍ക്കും ഇനി വന്ദേ ഭാരതിനെ കൂടുതലായി ആശ്രയിക്കാന്‍ കഴിയും.

രാവിലെ മംഗാലപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്തെത്തി വൈകീട്ട് മടങ്ങുന്ന വന്ദേ ഭാരതിന് നിലവില്‍ തിരുവനന്തപുരത്തിനും മംഗളൂരുവിനും ഇടയില്‍ ഒന്‍പത് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളത്. കായംകുളത്തും സ്റ്റോപ്പ് അനുവദിച്ചാല്‍ ഇത് 10 ആയി ഉയരും.

LEAVE A REPLY

Please enter your comment!
Please enter your name here