ഇസ്ലാമാബാദ്: പാക് ചാരസംഘടന ഐഎസ്‌ഐയുടെ രഹസ്യ ഏജന്റായിരുന്ന മുഫ്തി ഷാ മിര്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം മസ്ജിദില്‍ നിന്ന് പുറത്തേക്ക് വന്ന മുഫ്തിയെ അജ്ഞാത സംഘം വെടിവച്ച് കൊല്ലുകയായിരുന്നു. ബലൂചിസ്ഥാനിലെ കെച്ചില്‍ സ്ഥിതിചെയ്യുന്ന ടര്‍ബത്ത് ടൗണിലാണ് സംഭവം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ടര്‍ബത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം.
ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ ഇറാനിലെ ചബ്ബാര്‍ തുറമുഖ നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പാകിസ്ഥാന് കൈമാറുകയും, പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന നിലയിലും ഏറെ കുപ്രസിദ്ധി നേടിയിട്ടുള്ള ഭീകരവാദിയാണ് മുഫ്തി ഷാ മീര്‍. പാകിസ്ഥാനിലെ ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് കൊല്ലപ്പെട്ടത്.
അനധികൃത മനുഷ്യ, ലഹരിക്കടത്ത് അടക്കം നിരവധി നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു മുഫ്തി ഷാ മിര്‍. പാക് ചാരസംഘടനയ്ക്ക് വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇയാള്‍ ഐഎസ്‌ഐയുടെ നിര്‍ദേശപ്രകാരം അഫ്ഗാനിസ്ഥാനിലേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിക്കുകയും ചെയ്തിരുന്നു.

